നടന് ബാലയെ വീട്ടിലെത്തി യൂട്യൂബ് വ്ളോഗര്‍ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണനും സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിയും സന്ദര്‍ശിച്ചിരുന്നു. ഷഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട് നടന് ഉണ്ണി മുകുന്ദനുമായുണ്ടായ വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നവരാണ് ബാലയും സീക്രട്ട് ഏജന്റും. അതോടെ ഇവരും ബാലയെ സന്ദര്‍ശിച്ചത് വിവാദമാവുകയും ചെയ്തത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ചിത്രം വൈറലായിരുന്നു. മാത്രമല്ല കനത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഉണ്ണിയോട് ശത്രുത ഇല്ലെന്നും സന്ദര്‍ശനത്തിന് പിന്നിലെ കാര്യങ്ങളും ബാല വ്യക്തമാക്കി.
അതേസമയം കണ്ണിന്റെ ഓപ്പറേഷന് കഴിഞ്ഞ് വിശ്രമത്തിലാണ് നടന് ബാല. നടന്റെ സുഖവിവരം അന്വേഷിച്ച് എത്തിയതാണ് സായ് കൃഷ്ണന്. സന്തോഷ് വര്‍ക്കി മുന്‍പ് നടനെ വീട്ടില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സായ് കൃഷ്ണനും സന്തോഷ് വര്‍ക്കിയും ഒരുമിച്ച് ബാലയെ കാണാന്‍ എത്തിയത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നെന്ന് ബാല പറഞ്ഞു.
ഉണ്ണി മുകുന്ദനോട് ശത്രുതയില്ല. ഉണ്ണി മുകുന്ദന്- സായ് കൃഷ്ണന് സംഭാഷണം വിവാദമായതിലും ബാല പറയുന്നുണ്ട്. അഭിനേതാക്കള്‍ അവരുടെ ഫാന്‍സിന് റോള്‍ മോഡല്‍ ആണ്. അതുകൊണ്ട് വാക്കുകള്‍ കൊണ്ടുള്ള അസഭ്യം പറയലില്‍ നിന്നും ഒഴിഞ്ഞുനില്ക്കണം എന്നുമാണ് ബാല പറഞ്ഞത്.
‘ഉണ്ണി മുകുന്ദന് എന്റെ ശത്രുവാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും എനിക്ക് ഒരു സഹോദരനെ പോലെയാണ് ഉണ്ണി. ഞാന്‍ മനസ്സില്‍ വെറുപ്പ് വച്ചുപുലര്‍ത്തുന്ന ആളല്ല’, കമന്റുകളോട് ബാല പറഞ്ഞു.
സന്ദര്‍ശകരെ വീട്ടില്‍ സ്വാഗതം ചെയ്യുന്ന പതിവ് എനിക്കുണ്ട്, വീട്ടില്‍ വരുന്നവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നവര്‍ ആണ് തെറ്റുകാര്‍,’ എന്നും ബാല പറയുന്നു.