രാവിലെ ഉണർന്ന ഉടൻ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

നല്ല ചൂട് കാപ്പിയോ, ചായയോ കുടിച്ചാകും നമ്മള്‍ ഓരോരുത്തരും ഒരു ദിവസം ആരംഭിക്കുന്നത്. മലയാളിയുടെതെന്നല്ല ലോകത്ത് ഭൂരിഭാഗം പേരുടെയും ശീലമായി ഇത് മാറിയിരിക്കുകയാണ്. ഓരോ ദിവസവും ഉന്മേഷത്തോടെ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അങ്ങനെ ആഗ്രഹിക്കുന്നവര്‍ ദിവസം തുടങ്ങുമ്ബോഴുള്ള പതിവു ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

രാവിലെ ഉണര്‍ന്ന ഉടന്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഒരു ഗ്‌ളാസ് ചൂടുവെള്ളം ശീലമാക്കൂ. സ്ഥിരമായി രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നു.ദഹന പ്രക്രിയ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. വെറും വയറ്റില്‍ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും ഒരു പരിധി വരെ സഹായിക്കും.

ഈ ശീലത്തിന് ജാഗ്രത, ഓര്‍മ്മശക്തി എന്നിവ വര്‍ധിപ്പിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. രാത്രി ഉറങ്ങുമ്ബോള്‍ ശരീരത്തിലുണ്ടാകുന്ന നിര്‍ജലീകരണം കാരണം പ്രഭാതത്തില്‍ ഉന്മേഷക്കുറവും അലസതയും ഉണ്ടായേക്കാം. എന്നാല്‍ ഉണര്‍ന്നാലുടന്‍ ചൂടുവെള്ളം കുടിക്കുന്നത് തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു.

അതുകൂടാതെ വൃക്കയില്‍ അടിഞ്ഞു കൂടുന്ന വിഷാംശം പുറന്തള്ളി മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാനും ഈ ശീലം സഹായിക്കുന്നു. കൂടാതെ ചര്‍മത്തിന് നിറവും തിളക്കവും വര്‍ധിപ്പിക്കാനും ചര്‍മ രോഗങ്ങളെ പ്രതിരോധിക്കാനും ഈ ശീലം സഹായിക്കും.

Krithika Kannan