Malayalam Article

വൈദ്യ പ്രതിഭാ പുരസ്‌കാരം ഭഗവല്‍ സിംഗിന്; നല്‍കിയത് കടന്നപ്പള്ളി രാമചന്ദ്രന്‍

ഇലന്തൂരിലെ നരബലി കേസിന്റെ ഞെട്ടലിലാണ് കേരളം. ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗിന്റേയും ലൈലയുടേയും ക്രൂരത മലയാളികള്‍ അറിയുന്നത്. കൊടും ക്രിമിനലായ ഭഗവല്‍ സിപിഎം പ്രവര്‍ത്തകനാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവല്‍ സിംഗ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞു നില്‍ക്കുകയായിരുന്നു.

ഈ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ ഭക്തി മാര്‍ഗത്തില്‍ ആയിരുന്നു ഭഗവല്‍ സിംഗ്. ക്ഷേത്രങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈല കടുത്ത ഭക്ത ആയിരുന്നു. ഭാര്യയുടെ സ്വാധീനത്തില്‍ ആണോ ഭഗവല്‍ സിംഗ് ഭക്തി മാര്‍ഗത്തിലേക്ക് പോയതെന്ന് സംശയിക്കുന്നതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആര്‍.പ്രദീപ് പറയുകയുണ്ടായി.

ഇപ്പോഴിതാ വൈദ്യ പ്രതിഭാ പുരസ്‌കാരം ലഭിച്ച ഭഗവല്‍ സിംഗിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇരട്ട നരബലിക്കേസില്‍ രണ്ടാം പ്രതിയായ ഭഗവല്‍ സിംഗിന് പാരമ്പര്യ വൈദ്യ മഹാസമ്മേളനത്തില്‍ വെച്ച് വൈദ്യപ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2019 ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനാണ് ഭഗവല്‍ സിംഗിന് പുരസ്‌കാരം സമ്മാനിച്ചത്. ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചതെന്ന് പ്രചരിക്കുന്ന നോട്ടീസില്‍ കാണാം.

അതേസമയം നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. ബസിലും ട്രെയിനിലും ഇവിടേക്കെത്തി ഇലന്തൂരിലെ മനുഷ്യക്കുരുതി നടന്ന കുപ്രദ്ധമായ വീട്ടിലേക്ക് വഴി ചോദിക്കുന്ന നിരവധി ആളുകളെയാണ് നാട്ടുകാര്‍ ഓരോ ദിവസവും കാണുന്നത്. ഇതൊരു സഞ്ചാരകേന്ദ്രമല്ലെന്നും കുറ്റകൃത്യം നടന്ന വീടാണെന്നും സൂചിപ്പിച്ച് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടും ഭഗവല്‍സിംഗിന്റെ വീടുകാണാനുളള ആളുകളുടെ കൗതുകം അടങ്ങുന്നില്ല. ഒരു ദിവസം 1200 രൂപ ഇവിടേക്ക് മാത്രം ഓടിക്കിട്ടിയെന്ന് ഓട്ടോക്കാരനായ ഇലന്തൂര്‍ സ്വദേശി ഗിരീഷ് പറയുന്നു.

Gargi