മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പേരിൽ തിയറ്ററുകളിൽ സ്ഥാപിച്ചിരിക്കുന്ന വ്യാജ പോസ്റ്റർ ഹോർഡിങ്ങുകൾക്കും ഫാൻ-മെയ്ഡ് സ്റ്റാൻഡികൾക്കുമെതിരെ സംവിധായകൻ തരുൺ മൂർത്തി രംഗത്തെത്തി. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെയുള്ള ഇത്തരം പ്രമോഷനുകൾ പ്രേക്ഷകർക്കിടയിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും ദുരുപയോഗം ചെയ്ത് അനധികൃത സ്റ്റാൻഡികൾ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തരുൺ ചൂണ്ടിക്കാട്ടി. ഒരു ക്രിയേറ്റർ എന്ന നിലയിൽ ഇത്തരം അനൗദ്യോഗിക നീക്കങ്ങൾ ആശയക്കുഴപ്പങ്ങൾക്ക് മാത്രമേ വഴിവയ്ക്കൂ എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
സിനിമയുടെ സ്വഭാവത്തിനും യഥാർത്ഥ മൂഡിനും അനുയോജ്യമായ ഔദ്യോഗിക അപ്ഡേറ്റുകൾ കൃത്യമായ ഇടവേളകളിൽ പുറത്തുവിടാൻ ക്രിയേറ്റീവ് ടീമും പ്രൊഡക്ഷൻ ഹൗസും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാലേട്ടന്റെ യഥാർത്ഥ ആരാധകരും ഈ ടീമിന്റെ ഭാഗമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും തരുൺ കൂട്ടിച്ചേർത്തു.
വലിയ മാനസിക സമ്മർദ്ദത്തോടെയും ടെൻഷനോടെയുമാണ് ഇക്കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ മനസ്സിൽ കണ്ട അതേ തീവ്രതയോടെ തന്നെ പ്രേക്ഷകർ ഈ ചിത്രം തിയറ്ററിൽ അനുഭവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തരുൺ വ്യക്തമാക്കി.
‘അതിമനോഹരം’ ഒരു ഫാമിലി ഡ്രാമയാണെന്നും ഒപ്പം പൊലീസ് പ്രൊസീഡ്രൽ രീതികളും ഇതിൽ തുല്യപ്രാധാന്യത്തോടെ ഇഴചേർന്നിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തി. അതിനാൽ അണിയറപ്രവർത്തകരുടെ പദ്ധതികളെ മാനിക്കണമെന്നും തങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ തന്നെ പ്രമോഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും അദ്ദേഹം സ്നേഹത്തോടെ അഭ്യർഥിച്ചു.
