കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവ ഡോക്ടറെ ആക്രമിക്കാൻ ആസൂത്രണം നടത്തിയത് നടി അതുല്യ ചന്ദ്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് സംഭവങ്ങൾക്ക് പിന്നിലെ തർക്കത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
പ്രശ്നം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് അതുല്യ ചന്ദ്രയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് വൻതുക ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ആറ് കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാനാകില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഭീഷണിക്ക് വഴങ്ങാൻ ഡോക്ടർ തയ്യാറാകാതിരുന്നതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഹണി ട്രാപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി അതുല്യയുടെ ബന്ധുവിന്റെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർ വിഷ്ണുവിനെക്കുറിച്ചും നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എൻഡിപിഎസ്, അടിപിടി തുടങ്ങിയ കേസുകളിലായി എട്ടോളം കേസുകളിൽ വിഷ്ണു പ്രതിയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തിനിടെ കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ കൈവശമാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പണം ആവശ്യപ്പെട്ടതും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുന്നതോടെ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
