Film News

‘കുഴിയിൽ നിന്ന് പണിക്കാർ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ കൊതി’; കൃഷ്ണ കുമാറിനെതിരെ കേസ്

ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാറിനെതിരെ കേസെടുത്ത് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന തരത്തിലുള്ള വിവാദ പരാമർശത്തിലാണ് കേസെടുത്തിട്ടുള്ളത്. ദിശ പ്രസിഡൻറും സമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് കേസ്. എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് അടുത്ത ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു..

കൃഷ്ണ കുമാറിനെതിരെ സമൂഹിക പ്രവർത്തക ധന്യ രാമനും പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. മാസങ്ങൾക്ക് മുമ്പ് ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച് വ്ലോഗിലായിരുന്നു നടന്റെ വിവാദ പരാമർശം. പണ്ട് തന്റെ വീട്ടിൽ പണിക്കു വരുന്ന ആളുകൾക്ക് പറമ്പിൽ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയതിനെ കുറിച്ചാണ് കൃഷ്ണ കുമാർ പറഞ്ഞത്. എന്നും പ്ലാവില ഉപയോഗിച്ച് അവർ ആ കഞ്ഞി കുടിക്കുന്നത് ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരുമെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ.

‘ഞങ്ങൾ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാൻ ആളുകൾ വരും. അവർ രാവിലെ വരുമ്പോൾ ഒരു കട്ടൻ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു 11 മണിയാകുമ്പോൾ അവർക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതിൽ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച കുഴിയിൽ നിന്ന് പണിക്കാർ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും”. കൊച്ചി മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളാണെ്’ എന്നാണ് കൃഷ്ണ കുമാർ വിഡിയോയിൽ പറയുന്നത്.

Gargi