Film News

മതവികാരം വ്രണപ്പെട്ടു!! നയന്‍താരയ്‌ക്കെതിരെ കേസ്

‘അന്നപൂരണി’ സിനിമാ വിവാദത്തില്‍ നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് താരത്തിനെതിരെ നടപടിയെടുത്തത് അന്നപൂരണിയുടെ സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിലൂടെ മതവികാരം വ്രണപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം വിവാദം ഉയര്‍ന്നതിന് പിന്നാലെ ചിത്രം നെറ്റ്ഫ്‌ലിക്‌സ് പിന്‍വലിച്ചിരുന്നു. കൂടാതെ സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് വിഎച്ച്പിയോടെ ക്ഷമാപണവും നടത്തിയിരുന്നു. ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിവാദമായിരിക്കുന്നത്.

സിനിമ ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസെടുത്തത്. രമേഷ് സോളങ്കി എന്നയാളാണ് മുംബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഡിസംബര്‍ ആദ്യമാണ് അന്നപൂരണി തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണം നേടിയ ശേഷമാണ് ചിത്രം ഒടിടിയിലെത്തിയത്. തുടര്‍ന്നാണ് വിവാദവും ഉയര്‍ന്നത്. ബജ്‌റങ്ദള്‍, ഹിന്ദു ഐടി സെല്‍ എന്നിവരാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

Anu B