Film News

സ്വവര്‍ഗ രതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെ ക്രിസ്ത്യാനികള്‍ ആയി? കാതലിനെതിരെ ചങ്ങനാശ്ശേരി രൂപത

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും തെന്നിന്ത്യന്‍ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതല്‍ ദി കോര്‍’. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുര്‍ബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടു കൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ഈ സിനിമ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മുഖ്യധാരാ സിനിമ കൈകാര്യം ചെയ്യാത്ത വിഷയമാണ് കാതല്‍ മുന്നോട്ടുവച്ചത്.
കാതല്‍ ദി കോര്‍’ നവംബര്‍ 23നാണ് റിലീസ് ചെയ്തത്.

അതേസമയം, ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി രൂപത. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്ന് ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. സഭയെ എപ്പോഴും ഇരുട്ടില്‍ നിര്‍ത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും, സ്വവര്‍ഗ രതിയെ അനുകൂലിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെ ക്രിസ്ത്യാനികള്‍ ആയെന്നും രൂപത സഹായമെത്രാന്‍ തോമസ് തറയില്‍ ചോദിക്കുന്നു.

കാതല്‍ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്താനികളാണ്. മാത്രമല്ല സിനിമയുടെ പശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങയളായത് എന്തുകൊണ്ടെന്നും മാര്‍ തറയില്‍ പറഞ്ഞു. മറ്റേതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ സിനിമ തീയറ്റര്‍ കാണില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു.

‘നമ്മുടെ ഇപ്പോഴത്തെ മാധ്യമങ്ങളൊക്കെ സഭയെ ഒരു ഇരുട്ടിന്റെ മറവില്‍ നിര്‍ത്താന്‍ വലിയ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഈ കഴിഞ്ഞ നാളില്‍ ആരാധ്യനായ മമ്മൂട്ടിയെന്ന് പറയുന്ന താരമൂല്യമുള്ള നടന്‍ അഭിനയിച്ച ഒരു സിനിമയിറങ്ങി. സ്വവര്‍ഗരതിയെ വലിയ രീതിയില്‍ മഹത്വവല്‍ക്കരിക്കുന്ന ആ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികള്‍ ആയിപ്പോയത് എന്തുകൊണ്ടാണ്’, അതിന്റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയം ആയത് എന്തുകൊണ്ടാണ്. ഒറ്റ കാരണമേയുള്ളൂ. നമ്മളെ അപമാനിക്കാന്‍ ഒന്നും ചെയ്തതല്ല. പക്ഷെ വേറേ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ അത് തിയേറ്റര്‍ കാണുകയില്ല. അത്രയേ ഉള്ളൂ,’ എന്നാണ് തോമസ് തറയില്‍ പറഞ്ഞത്.

Anu B