‘കയ്യിൽ പൈസ ഇരിക്കയല്ലേ, ചോദിച്ച് ആളുകൾ വീട്ടിലെത്തുകയാണ്’; മഞ്ഞുമ്മലിന്റെ വിജയത്തിന് ശേഷമുള്ള സംഭവങ്ങളെ കുറിച്ച് ചന്തു

മഞ്ഞുമ്മൽ ബോയ്സിന്റെ വമ്പൻ വിജയത്തോടെ ചന്തു സലിംകുമാർ മലയാള സിനിമയിൽ തന്റെ പേര് എഴുതി ചേർത്തുകഴിഞ്ഞു. മുൻപ് പല സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സാണ് സലിംകുമാറിന്റെ മകന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ മഞ്ഞുമലിന്റെ വിജയത്തിന് ശേഷം വന്നിട്ടുള്ള ചില സംഭവങ്ങളെ കുറിച്ചുള്ള ചന്തുവിന്റെ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.

“മഞ്ഞുമ്മൽ ബോയ്സ് 250 കോടി നേടി. പത്ത് കോടി വച്ച് ഞങ്ങൾ എല്ലാവർക്കും കിട്ടി എന്നൊക്കെയാണ് പ്രചരണം. വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും ഇപ്പോ. പത്ത് കോടി കൊടുക്കാൻ പറഞ്ഞ്. കയ്യിൽ പൈസ ഇരിക്കയല്ലേ. എടുത്ത് കൊടുത്തൂടെ എന്ന് പറഞ്ഞിട്ട്”, എന്നാണ് ചന്തു പറയുന്നത്.

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി. ഫെബ്രുവരി 22 നായിരുന്നു റിലീസ്. ആ​ദ്യ ദിനം മുതൽ മികച്ച അഭിപ്രായം നേടാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. കേരളത്തെക്കാൾ തമിഴ്നാട്ടിലാണ് മഞ്ഞുമ്മൽ തരം​ഗം ആഞ്ഞടിച്ചത്.