Film News

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ഇളയരാജയുടെ വാദങ്ങളിൽ സുപ്രധാന നിരിക്ഷണവുമായി കോടതി

സംഗീതം നൽകി എന്നത് കൊണ്ട് മാത്രം പാട്ടുകൾക്കുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നാണ് ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് പ്രധാനമായും ചോദിച്ചത്. ഒരു പാട്ടിൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ.

സം​ഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരി​ഗണഇക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് എക്കോ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഇതിനെതിരേയുള്ള ഹർജിയിൽ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണ് എന്നായിരുന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് എക്കോ കമ്പനി അപ്പീൽ പോയത്. ഈണത്തിന് മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്ന് കമ്പനി അഭിഭാഷകൻ വാദം ഉന്നയിച്ചു.

പാട്ടുകൾക്ക് സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവാണ് നിയോ​ഗിക്കുന്നത്. പാട്ടുകളുടെ അവകാശവും നിർമ്മാതാവിനാണ്. ഈണം നൽകിയയാൾക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകൻ വാദം ഉന്നയിച്ചു. ഇതോടെയാണ് വരികളില്ലാതെ ഗാനമുണ്ടോയെന്ന് കോടതി ചോദിച്ചത്. ഹർജി വിശദമായി വാദംകേൾക്കുന്നതിനായി ജൂൺ രണ്ടാംവാരത്തിലേക്ക് മാറ്റി.

Ajay Soni