Film News

ചോളി കേ പീച്ചേ’ ​ഗാനത്തിന് ആടിത്തിമിർത്ത് കരീന കപൂർ, ഹിറ്റ് ​ഗാനത്തിന്റെ ക്രൂവിൽ രണ്ടാം ജന്മം, ഏറ്റെടുത്ത് ആരാധകർ

‘ക്രൂ’ സിനിമയിലെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ എത്തുന്ന ട്രാക്ക് ബോളിവുഡിന്റെ എല്ലാകലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ചോളി കേ പീച്ചേ’ എന്ന പാട്ടിൻറെ റീമിക്സാണ്. ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1993 ൽ പുറത്തിറങ്ങിയ ഖൽ നായക് എന്ന ചിത്രത്തിലാണ് ‘ചോളി കേ പീച്ചേ’ ഹിറ്റ് ഗാനം ഉണ്ടായിരുന്നത്. ഒരു പാർട്ടി സീനിൽ ഗാനത്തിൽ കരീന കപൂർ പിങ്ക് സിൽക്ക് സാരിയിൽ നൃത്തം ചെയ്യുന്നതാണ് പാട്ടിലുള്ളത്.

ഫറാ ഖാനാണ് നൃത്തസംവിധാനം. ഹോളി ആഘോഷത്തിൻറെ ഭാഗമായാണ് അണിയറക്കാർ ​ഗാനം പുറത്തുവിട്ടത്. മാർച്ച് 29നാണ് ക്രൂ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലർ നേരത്തെ പുറത്തുവിട്ടിരുന്നു. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് സൂചനകൾ.

ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Ajay Soni