നടി അപര്‍ണ ബാലമുരളിയോട് എറണാകുളം ഗവ. ലോ കോളജില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥി മോശമായി പെരുമാറിയതില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും കോളേജ് യൂണിയന് ഭാരവാഹികള്‍.സംഭവ സമയത്തു തന്നെ വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം തടയാന്‍ ഒരു യൂണിയന് ഭാരവാഹി ശ്രമിക്കുകയും യൂണിയന്റെ ഭാഗത്തുനിന്നു ഖേദം അറിയിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ ബുദ്ധിമുട്ടില്‍ കോളജ് യൂണിയന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും ഈ വിഷയത്തെ യൂണിയന് ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നുമുള്ള കുറിപ്പ് ഇവര്‍ പങ്കുവെച്ചു.
‘എറണാകുളം ഗവ. ലോ കോളേജില്‍ ഇന്ന് (18/01/2023) നടന്ന യുണിയന്‍ ഉദ്ഘാടന ചടങ്ങില്‍ സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന് ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന് ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
*കോളേജ് യൂണിയന് 2022-23*’
തങ്കം സിനിമയുടെ പ്രമോഷനെത്തിയതായിരുന്നു വിനീത് ശ്രീനിവാസന് അടക്കമുള്ളവര്‍ ലോ കോളജില്‍. നടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തില്‍ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ചു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ വിമര്‍ശനമാണ് കോളജ് യൂണിയനെതിരെ ഉയര്‍ന്നത്. ഇതോടെയാണ് മാപ്പ് പറഞ്ഞ് യൂണിയന് രംഗത്തെത്തിയത്.