വിജയിയ്ക്കൊപ്പം പറ്റുന്ന രീതിയിൽ ഡാൻസ് ചെയ്‌തു ; മനസ്സ് തുറന്ന് മഡോണ 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മഡോണ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ലിയോ എന്ന  ചിത്രത്തിലാണ്. ഏവരും ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിൽ വിജയിയുടെ ഇരട്ട സഹോദരി ആയിട്ടാണ് മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചത്. ‘എൽസ ദാസ്’ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ലിയോയെ കുറിച്ച് മഡോണ പറ‍ഞ്ഞ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ  ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ വിജയിയുമായി കുറച്ചു കൂടി ഫൈറ്റ് സീൻസ് ഉണ്ടായിരുന്നു എന്നും എഡിറ്റ് ചെയ്തപ്പോൾ അവ കട്ടായി പോയെന്നും മഡോണ സെബാസ്റ്റ്യൻ പറയുന്നു. വിജയിയ്ക്കൊപ്പം പറ്റുന്ന രീതിയിൽ തന്നെ താൻ ഡാൻസൊക്കെ ചെയ്തിട്ടുണ്ടെന്നും മഡോണ പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന്ട് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. “ലിയോയിൽ വിജയ് സാറിന്റെ സഹോദരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ട്വിൻ സിസ്റ്ററാണെന്ന് അപ്പോൾ പറഞ്ഞിരുന്നില്ല. വെറുമൊരു പാവം സഹോദരി ആകാതെ എന്തെങ്കിലും ചെയ്യാനുണ്ടാകണെ എന്ന് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും ഒന്ന് കോൺട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാകണം. അതെന്റെ ആ​ഗ്രഹമാണ്. വിജയ് സാറുമായി കുറച്ചു കൂടി സീൻസ് ഉണ്ടായിരുന്നു.

നല്ലൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ടായിരുന്നു. കണ്ടോണ്ടിരിക്കാൻ ഭയങ്കര രസമുണ്ടായിരുന്നു. എനിക്കിതൊക്കെ പുതിയതാണല്ലോ. അപ്പോൾ നമ്മളത് ചെയ്യുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. കാണാനും നല്ല ഭം​ഗി ആയിരുന്നു. അതുപക്ഷേ കട്ടായി. ചെറിയ സങ്കടം തോന്നി”, എന്നും മഡോണ സെബാസ്റ്റ്യൻ പറയുന്നു. ലിയോയിലെ ഡാൻസിനെ പറ്റിയും മഡോണ സംസാരിക്കുന്നുണ്ട്. “സ്റ്റെപ്പൊക്കെ പറഞ്ഞു തരുമ്പോൾ സാറിന്റെ കൂടെയാണ് കളിക്കുന്നത് എന്നൊക്കെ അവർ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു പറഞ്ഞ് പേടിപ്പിക്കല്ലെന്ന് അവരോട് പറഞ്ഞിരുന്നു. പറ്റുന്നത് പോലെ ചെയ്യുക എന്ന് മാത്രമെ ഞാൻ ആലോചിച്ചുള്ളൂ. ടെൻഷൻ അടിച്ച് കഴിഞ്ഞാലും ശരിയാവില്ല. എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തിട്ടുണ്ട്”, എന്ന് താരം പറയുന്നു. ഇനിയും സിനിമകളിൽ ഫൈറ്റ് ചെയ്യുമോന്ന ചോദ്യത്തിന്, “ആദ്യമായാണ് ഒരു സിനിമയിൽ ഫൈറ്റ് ചെയ്യുന്നത്. അതുകണ്ട് ഒരുപാട് പേര് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. സത്യമായിട്ടും ഇത്രയും പേരുടെ അഭിനന്ദനം ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഇനി ആക്ഷൻ സിനിമകൾ വന്നാൽ ഞാൻ ചെയ്യും. അക്ഷൻ ചെയ്യാൻ ഭയങ്കര രസമാണ്. എന്നു വച്ചാൽ എളുപ്പമെന്നല്ല. നല്ല ത്രില്ലിം​ഗ് ആണ്. കുറച്ചു കൂടി ട്രെയിനിം​ഗ് ലഭിച്ചിട്ട് ഫൈറ്റ് ചെയ്യണമെന്നുണ്ട്. സമയമെടുത്ത് പഠിച്ച് ചെയ്യണം”, എന്നാണ് മഡോണ പറയുന്നത്. അതേസമയം മലയാളത്തിൽ ‘പ്രേമം’ എന്ന നിവിൻ പോളി  ചിത്രത്തിലൂടെയാണ് മഡോണ സെബാസ്റ്റ്യൻ അഭിനയത്തിലേക്ക് കടന്നു വരുന്നത്. ഒരു ടി.വി. പരിപാടിയുടെ അവതാരകയായി കണ്ട മഡോണയെ സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. സിനിമയിൽ സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. നിവിൻ പോളിയുടെ നായികമാരിൽ ഒരാളായിരുന്നു സെലിൻ. പ്രേമം’ മുതൽ ഇന്നുവരെ എല്ലാ വർഷവും മഡോണ സിനിമയിൽ ഉണ്ടായിരുന്നു. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ പത്മിനിയാണ് മഡോണയുടെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുതിയ ചിത്രം. അതേസമയം തന്നെ സോഷ്യൽ മീഡിയയിൽ വളരേ സജീവമായ മഡോണയുടെ ഫോട്ടോഷൂട്ട് പോസ്റ്റുകൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണുള്ളത്.