തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ധനുഷിന് ഇന്ന് 39-ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുന്ന ആരാധകര്‍ക്ക് ഇരട്ടിമധുരം ഏകുന്നതായിരുന്നു അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ധനുഷ് നായകനാകുന്ന പുതിയ സിനിമയ്ക്ക് നാനെ വരുവേന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ധനുഷിന്റെ സഹോദരന് സെല്‍വരാഘവനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
മാത്രമല്ല.. സെല്‍വരാഘവനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി തന്നെ പുറത്ത് വിട്ട പോസ്റ്റര്‍ ആരാധകര്‍ക്ക് ഈ ദിനം ആഘോഷമാക്കാനുള്ള മറ്റൊരു കാരണം കൂടിയാണ്. ധനുഷിന് മുന്‍കൂറായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് സെല്വരാഘവന് നാനേ വരുവേന്‍ എന്ന സിനിമയുടെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടത്. ഇന്ദുജയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.
മേയാത മാന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇന്ദുജ. സ്പെഷ്യല്‍ ആയുള്ള മനുഷ്യന് സ്പെഷ്യല്‍ ആയൊരു പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചാണ് സെല്വരാഘവന് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ഈ ധനുഷ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
വി ക്രിയേഷന്‍സിന്റെ ബാനറില്‍, കലൈപ്പുലി എസ് താണുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ധനുഷിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നതിന് ഒപ്പം പുതിയ സിനിമയുടെ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, തമിഴകത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച വ്യക്തികൂടിയാണ് ധനുഷ്.