ധനുഷ് ആരാധകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. എന്നാല്‍ ചിത്രം വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ മില്ലറുടെ ചിത്രീകരണത്തിനെതിരെ തെങ്കാശിയിലെ പരിസ്ഥിതി സ്നേഹികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മധുരയിലും സമാനരീതിയില്‍ പ്രതിഷേധം ഉണ്ടായിരിക്കുകയാണ്. മധുരയില്‍ അടുത്തിടെ രൂപീകരിച്ച അരിട്ടാപട്ടി ബയോഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റിലെ ചിത്രീകരണമാണ് ഇതിന് കാരണമായത്. സിനിമ ചിത്രീകരണത്തിന് ആവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ക്യാപ്റ്റന്‍ മില്ലറുടെ ചിത്രീകരണം അരിട്ടാപട്ടിയില്‍ നടക്കുന്നതെന്ന് അരിട്ടാപട്ടി കണ്‍സര്‍വേഷന്‍ സൊസൈറ്റി ആരോപിക്കുന്നു. ചിത്രത്തിലെ ബോംബ് സ്ഫോടന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയാണ് ഇവരെ പ്രകോപിതരാക്കിയത്.
ഇപ്പോഴിതാ ചിത്രത്തിലെ ധനുഷിന്റെ ലുക്കാണ് വൈറലായിരിക്കുന്നത്. താരത്തെ കണ്ട് ആരാധകരും പാപ്പരാസികളും ഒരു നിമിഷം പകച്ചു നിന്നു പോയി. ഒരു കൂള്‍ എയര്‍പോര്‍ട്ട് ലുക്കിലാണ് താരം വിമാനത്താവളത്തില്‍ എത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കുന്ന ധനുഷിനെ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാവില്ല. തലമുടിയും താടിയും നീട്ടി വളര്‍ത്തിയ താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. ചാര നിറമുള്ള അത്ലേഷര് പാന്റ്സും അതിന് അനുയോജ്യമായ ഹൂഡിയുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലായി കറുത്ത നിറമുള്ള ഷൂസും താരം ധരിച്ചിട്ടുണ്ട്. പാപ്പരാസികള്‍ക്ക് വേണ്ടി ധനുഷ് അല്‍പ്പ നേരം പോസ് ചെയ്ത ശേഷം സൂപ്പര്‍താരം വിമാനത്താവളത്തിന് പുറത്ത് പോയി.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ജൂലൈ 28 ന് ധനുഷിന്റെ ജന്മദിനത്തില് ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.