Film News

‘ഐശ്വര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചൂടേ’ ; കപ്പിൾ ഫോട്ടോ പങ്കുവെച്ച് ധനുഷ്

തമിഴകത്തിന്റെ അഭിനയ സാധ്യതകൾക്ക് പുതിയ ഒരു വഴിത്തിരിവ് ഉണ്ടാക്കാനും ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ സാന്നിധ്യം അറിയിക്കാനും സാധിച്ച ചുരുക്കം ചില തമിഴ് താരങ്ങളിൽ ഒരാളാണ് ധനുഷ്. സിനിമയിലെ ഏത് മേഖലയിലാണ് ധനുഷ് ഇനി കഴിവ് പരീക്ഷിക്കാൻ ബാക്കി എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. മിനിമം ​ഗ്യാരണ്ടി സിനിമകളാണ് ധനുഷിൽ നിന്നും പ്രേക്ഷകർ ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ അന്യ ഭാഷ താരമാണെങ്കിലും കേരളത്തിൽ വലിയൊരു സ്വീകാര്യത ധനുഷിനുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ സ്വകാര്യ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ചിത്രങ്ങളായും കുറിപ്പായുമെല്ലാം ആരാധകർക്കായി പങ്കിടാറുണ്ട്.  ഇപ്പോഴിതാ ധനുഷ് സോഷ്യൽമീഡിയയിൽ പങ്കിട്ടൊരു ഫോട്ടോയും കുറിപ്പുമാണ് ശ്ര​ദ്ധനേടുന്നത്. മാതാപിതാക്കളായ കസ്തൂരാജയുടെയും വിജയലക്ഷ്മിയുടെയും ഒരു കപ്പിൾ ഫോട്ടോയാണ് ധനുഷ് സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഭാര്യ വിജയലക്ഷ്മിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ക്സതൂരിരാജയാണ് ചിത്രത്തിലുള്ളത്. മാതാപിതാക്കളുടെ മനോഹരമായ പുഞ്ചിരിയെ കുറിച്ച് ഒരു തലക്കെട്ടും ധനുഷ് കുറിച്ചിരുന്നു. ധനുഷിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

രാധിക ശരത്ത് കുമാർ അടക്കമുള്ളവർ കമന്റുകളുമായി എത്തി. ഹൃദയം കീഴടക്കിയ നിഷ്കളങ്കമായ ചിരിയെന്നാണ് ധനുഷിന്റെ മാതാപിതാക്കളുടെ ചിത്രം കണ്ട് ഏറെയും ആരാധകർ കുറിച്ചത്. അച്ഛനേയും അമ്മയേയും പോലെ ഐശ്വര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇതുപോലൊരു കപ്പിൾ ഫോട്ടോ പകർത്തി പങ്കുവെക്കാമോ എന്നും ചിലർ പ്രിയ താരത്തോട് കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ധനുഷിനൊപ്പമാണ് മാതാപിതാക്കൾ താമസിക്കുന്നത്. രണ്ട് ആൺമക്കളും ധനുഷിന്റെ സംരക്ഷണയിലാണ് വളരുന്നത്. ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ അമ്മ ഐശ്വര്യയ്ക്കും മുത്തച്ഛൻ രജിനികാന്തിനുമൊപ്പമാണ് ധനുഷിന്റെ മക്കളായ യാത്രയുടെയും ലിം​ഗയുടെയും താമസം. ഒരു താരവും ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്ത വിവാദത്തിൽ ധനുഷ് ഇതിനോടകം പെട്ടുപോയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ രം​ഗത്തെത്തിയതാണ്. ധനുഷിന്റെ യഥാർത്ഥ മാതാപിതാക്കളാണെന്ന വാദവുമായാണ് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികൾ രംഗത്തെത്തിയത്.

ട്രാൻസ്പോർട് ബസ് മുൻ ഡ്രൈവർ കതിരേശൻ, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നുമായിരുന്നു കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാർത്ഥ മാതാപിതാക്കളായ തങ്ങൾക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65000 രൂപ നൽകണമെന്നും കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയിൽ ദമ്പതികൾ ഹർജി നൽകിയത്. തങ്ങളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ധനുഷ് എന്നും മകനെ കസ്തൂരി രാജ തട്ടിയെടുക്കുകയായിരുന്നു എന്നുമാണ് ദമ്പതികൾ വാ​ദിച്ചത്. എന്നാൽ ധനുഷ് ഇവയെല്ലാം നിയമപരമായി നേരിട്ടു. സൂപ്പർ താരത്തിനെതിരെ വൃദ്ധദമ്പതികൾ രം​ഗത്ത് വന്നത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. അതേസമയം സംവിധായകനായ അച്ഛൻ കസ്തൂരാജയുടെ നിർദേശപ്രകാരമാണ് അഭിനയം ഇഷ്ടമല്ലായിരുന്നിട്ട് കൂടി ജേഷ്ഠൻ സെൽവരാഘവന്റെ സിനിമകളിലൂടെ ധനുഷ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. സെൽവരാഘവന്റെ ശിക്ഷണത്തിൽ രണ്ട് സിനിമകൾ ചെയ്തതോടെ പിന്നീട് അങ്ങോട്ട് തിരക്കുള്ള മുൻനിര നടനായി ധനുഷ് മാറുകയായിരുന്നു. ഇന്ത്യൻ സിനിമയിൽ പുതിയ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളെന്ന് നിസംശയം പറയാവുന്ന നിലയിലേക്ക്  ധനുഷ് വളരുകയും ചെയ്തു. സൂപ്പർ സ്റ്റാർ പരിവേഷത്തിനൊപ്പം മികച്ച സിനിമകളും പ്രകടനങ്ങളുമാണ് ധനുഷിനെ വ്യത്യസ്തനാക്കുന്നത്. വാത്തിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ധനുഷ് സിനിമ. ക്യാപ്റ്റൻ മില്ലറാണ് റിലീസിന് തയ്യാറെടുക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണിത്.

 

Sreekumar R