Film News

ദിലീപ് ചിത്രം ‘തങ്കമണി’ റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീപ് നായകനായയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്‍ ദിലീപ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തങ്കമണി മാര്‍ച്ച് 7 നായിരിക്കും തീയേറ്ററുകളിലെത്തുക. തീയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് 22 മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടിയിരിക്കുന്നത്. ദിലീപിന്റെ 148-ാമത്തെ ചിത്രമാണ് തങ്കമണി. നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ മലയാളത്തിലേയും തമിഴിലേയും വന്‍ താരനിര തന്നെ അണിനിരക്കുന്നു. കട്ടപ്പനയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റര്‍മാരായ രാജശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകും. സിനിമയില്‍ അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നു.

Ajay Soni