ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി -വൈശാഖ് കോമ്പിനേഷനിലെത്തുന്ന ടര്‍ബോ. കഴിഞ്ഞ ദിവസമാണ് ജയില്‍ പുള്ളിയായുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയെ കഷ്ടപ്പെടുത്തിയതിന് സോറി പറഞ്ഞിരിക്കുകയാണ് സംവിധായകന്.
മമ്മൂട്ടിയെ ഷൂട്ടിങ്ങിനിടയില്‍ വളരെ കഷ്ടപ്പെടുത്തി, ഒരു സിനിമയിലും ഇതേവരെ ആരേയും ഇത്രയും കഷ്ടപ്പെടുത്തിയിട്ടില്ലെന്നും വൈശാഖ് പറയുന്നു. ടര്‍ബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമ്പോഴാണ് വൈശാഖ് വികാരഭരിതനായത്.
‘എനിക്ക് മമ്മൂക്കയോട് വലിയ സോറിയാണ് പറയാനുള്ളത്. കാരണം അത്രമേല്‍ കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ ഒരു സിനിമയിലും ഞാന്‍ ആരെയും ഇതുവരെ ഇത്രയും കഷ്ടപ്പെടുത്തിയിട്ടില്ല’, വൈശാഖ് പറഞ്ഞു. ‘ഒരിക്കല്‍ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നെന്ന്. അന്ന് മമ്മൂക്കയോട് പറഞ്ഞു, മമ്മൂക്കയ്ക്ക് പ്രായം 45 നും 50നും ഇടയിലാണെന്ന്.
കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ താന്‍ മമ്മൂക്കയെ ഈ സിനിമയിലൂടെയും കണ്ടിട്ടുള്ളൂ. ഒരുപാട് ദിവസങ്ങള്‍, രാവുകള്‍, പകലുകള്‍… അങ്ങനെ നിരന്തരം ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയിലുള്ള എന്റെ വിശ്വാസം മമ്മൂക്കയുടെ എഫര്ട്ടിലാണ്. മമ്മൂക്കയെ സ്നേഹിക്കുന്ന എല്ലാവരും ആ സ്നേഹം തിരിച്ചു നല്‍കും എന്നാണ്….’ എന്നാണ് വൈശാഖ് പറയുന്നത്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിര്‍മാണ സംരംഭവും ആദ്യത്തെ ആക്ഷന്‍, കോമഡി പടവുമാണ് ടര്‍ബോ. ടര്‍ബോ ജോസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയത് മിഥുന് മാനുവല്‍ തോമസ് ആണ്. ആക്ഷന്‍- കോമഡി ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ജസ്റ്റിന് വര്‍ഗ്ഗീസ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്