Film News

ജോര്‍ജ്ജ്കുട്ടിയും കുടുംബവും ഇനി ഇംഗ്ലീഷ് സംസാരിക്കും!! ദൃശ്യം ഹോളിവുഡിലേക്ക്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ചിത്രം ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. ദൃശ്യം മൂന്നാം ഭാഗം അണിയറയിലൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെത്തിയ ചിത്രം ബോളിവുഡിലേക്കും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ദൃശ്യം ഹോളിവുഡിലേക്കും എത്തുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റീമേക്കിനുള്ള വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റിമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്ചേഴ്സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോര്‍ത്തതായി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് ആണ് പുറത്തുവിട്ടത്. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീര്‍വാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ കൊറിയന്‍ റീമേക്കിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. മാത്രമല്ല സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിര്‍മ്മാണ കമ്പനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയന്‍ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് അറിയിച്ചു.

ദൃശ്യം 2013 ഡിസംബര്‍ 13നാണ് റിലീസ് ചെയ്തത്. മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, റോഷന്‍ ബഷീര്‍ , നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം വന്‍ വിജയമായതോടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, മാന്‍ഡറിന്‍ ഭാഷകളിലും എത്തിയിരുന്നു.

Anu B