സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂര്‍ എന്ന യുവതിയാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടന് ദുല്‍ഖര്‍ സല്മാന് തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
തന്റെ ചിത്രം ഉപയോഗിച്ച സിനിമയിലെ രംഗത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. ‘എന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു’, ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി പറയുന്നു.
ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. ‘തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ എന്റെയും, ഡിക്യു വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനപൂര്‍വ്വം സംഭവിച്ചതല്ല.’- ദുര്‍ഖര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന് യുവതിയുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.