മലയാള സിനിമയില്‍ ഉണ്ടാകാന്‍ പോകുന്ന പുത്തന്‍ മാറ്റങ്ങള്‍: സ്വപ്‌ന പദ്ധതിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയാണ് വേഫറര്‍ സിനിമാസ്. കമ്പനി നിര്‍മ്മിച്ച ആദ്യ സിനിമ സല്യൂട്ട് ഒ.ടി.ടിയില്‍ റീലീസ് ചെയ്തതിന് പിന്നാലെ കമ്പനിയും താരവും നേരിട്ട് വിമര്‍ശനങ്ങള്‍ ചെറുതല്ല. ഇപ്പോള്‍ നിര്‍മ്മാണ കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രതികരിക്കുകയാണ് താരം.

തന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെറര്‍ സിനിമാസിനെ സ്വന്തമായി ലാഭമുണ്ടാക്കാന്‍ പറ്റുന്ന കമ്പനിയായി മാറ്റിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. വ്യക്തിപരമായ ആവശ്യത്തിന് ഉണ്ടാക്കിയതല്ല ഇത്. കൂടുതല്‍ സിനിമകള്‍ വേഫെററിന്റെ ബാനറില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.

സ്വന്തം കാലില്‍ നില്‍ക്കുന്ന ലാഭമുണ്ടാക്കാന്‍ കഴിയുന്ന കമ്പനിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ സിനിമയ്ക്കായി വായ്പയെടുത്തൊക്കെ പണം മുടക്കി കഴിഞ്ഞാല്‍ കോവിഡ് പോലുള്ള പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ വലിയ നഷ്ടം വരും.

താന്‍ നിര്‍മ്മാണ കമ്പനി ഒരിക്കലും വ്യക്തിപരമായ ആവശ്യത്തിനുണ്ടാക്കിയതല്ല. സിനിമയില്‍ തന്റെ പ്രതിഫലം കൂട്ടാനോ ഒരു പടത്തില്‍ തന്റെ ഷെയര്‍ കൂട്ടാനോ വേണ്ടിയുള്ള സംരംഭമാണ് ഇതെന്നും ചിന്തിച്ചിട്ടില്ല. സിനിമയില്‍ നിന്ന് കിട്ടുന്നത് പരമാവധി വേറെ സിനിമയിലേക്ക് നിക്ഷേപിക്കാന്‍ കഴിയണം.

തന്റേത് മാത്രമല്ലാത്ത മറ്റ് സിനിമകളും നിര്‍മ്മിക്കണം. ഇതൊക്കെയാണ് മനസിലുള്ളത്. ചെറിയ സിനിമകളായാലും അത് പരമാവധി വിജയിപ്പിക്കാന്‍ പറ്റണമെന്നും അതുപോലുള്ള സിനിമകളുമായി ആളുകള്‍ നമ്മുടെ അടുത്തേക്ക് വരണമെന്നൊക്കെയുണ്ട്.

തനിക്ക് വര്‍ഷം അഞ്ചാറ് പടമേ ചെയ്യാന്‍ പറ്റൂ. നിര്‍മ്മാതാവ് എന്ന നിലയില്‍ അതില്‍ കൂടുതല്‍ ചെയ്യണമെന്നുണ്ട്. ഇതൊരു സെല്‍ഫ് റണ്ണിങ് കമ്പനിയാക്കി മാറ്റണം. അതിനൊരു ടീമുണ്ടാവണം. റൈറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാകണം. താന്‍ സിനിമയില്‍ വന്ന കാലത്ത് ഏറെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. സിനിമയിലേക്കെത്തുന്ന എല്ലാ പുതുമുഖങ്ങള്‍ക്കും അത് ലഭിച്ചു കൊള്ളണമെന്നില്ല. കാമ്പുണ്ടായിട്ടും ഒരു എന്‍ട്രി കിട്ടാത്ത താരങ്ങളും സിനിമകളും ഉണ്ട്. അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ വേഫെറര്‍ ഫിലിംസ് ശ്രമിക്കും, ദുല്‍ഖര്‍ പറയുന്നു.

Vishnu