തരം​ഗം തീർത്ത യുവസംവിധായകന് കണ്ണുപൂട്ടി ഡേറ്റ് കൊടുത്ത് ദുൽഖർ; ജസ്റ്റ് വെയിറ്റ് ആൻ സീ, വമ്പൻ പ്രഖ്യാപനം വരുന്നു

ആദ്യ സിനിമ കൊണ്ട് തന്നെ ഞെട്ടിച്ച സംവിധായകനും ദുൽഖർ സൽമാനും ഒന്നിക്കുന്നു. ആർഡിഎക്‌സിന്റെ മിന്നുന്ന വിജയത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ദുൽഖറിന്റെ തന്നെ വേഫേറെർ ഫിലിംസ് ആണ് നിർമ്മാണം. മെയ് മൂന്നിന് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബി​ഗ് ബജറ്റിൽ എത്തിയ കിംഗ് ഓഫ് കൊത്തക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.

അതുകൊണ്ട് താരത്തിന്റെ ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. യുവ സംവിധായകരിൽ ശ്രദ്ധേയനായ നഹാസ് ഹിദായത്തുമായി ആദ്യമായി ഒരുമിക്കുന്നു എന്നുള്ളതും ദുൽഖർ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ബോക്‌സ് ഓഫീസിൽ തരം​ഗമായ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ഓണം റിലീസായിട്ടാണ് കിംഗ് ഓഫ് കൊത്തയും എത്തിയത്.

മലയാളത്തിൽ ഇല്ലെങ്കിലും തെന്നിന്ത്യൻ സൂപ്പർ സിനിമകളുടെ ഭാ​ഗമാണ് ദുൽഖർ സൽമാൻ. മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ്, വെങ്കി അറ്റ്ലൂരിയുടെ ലക്കി ഭാസ്കർ, ബ്ളാക് ആന്റ് വൈറ്റിൽ ഒരുങ്ങുന്ന കാന്താ എന്നീ ചിത്രങ്ങളിൽ ദുൽഖർ അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം കൽക്കി 2898 എഡിയിലും അഭിനയിക്കുന്നുണ്ട്.