പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍; ചിത്രം വൈറലാകുന്നു

മലയാളത്തില്‍ മാത്രമല്ല, മറുഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേമായ ചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിബുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചന്‍, തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്, കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍, തെലുങ്ക് സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു, തെലുങ്ക് താരം നാനി, തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ചിത്രത്തിലുള്ളത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്നാണ് ഇതിന് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനാവുന്ന സീതാ രാമവും പ്രഭാസിനെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റ് കെയും നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. നാഗ് അശ്വിനാണ് പ്രോജക്റ്റ് കെ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

ദുല്‍ഖറിന്റേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്നതും തെലുങ്ക് സിനിമയാണ്. ഹനു രാഘവപ്പുടി സംവിധാനം ചെയ്ത സീതാ രാമം ആണ് ഇത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ എത്തുന്നത്.

 

Aswathy