‘ആടുജീവിതം നജീബിനെ വിഴുങ്ങി, നജീബിനെ ബെന്യാമിന്‍ വിഴുങ്ങി, ബെന്യാമിനെ ബ്ലസ്സി വിഴുങ്ങി’

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആടുജീവിതം നജീബിനെ വിഴുങ്ങി, നജീബിനെ ബന്യാമിന്‍ വിഴുങ്ങി, ബന്യാമിനെ ബ്ലസ്സി വിഴുങ്ങി, ബ്ലസ്സിയെ ഓസ്‌ക്കാര്‍ റഹ്‌മാനും ഓസ്‌ക്കാര്‍ റസൂല്‍പൂക്കുട്ടിയും ചേര്‍ന്നു വിഴുങ്ങി, ഇവരെയെല്ലാം പ്രിഥ് വിരാജ് ഒറ്റയടിയ്ക്ക് വിഴുങ്ങിയെന്നാണ് ഈപ്പന്‍ തോമസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ആടുജീവിതത്തെപ്പറ്റി ധാരാളം കേട്ടു …. പടം കണ്ടു… പറഞ്ഞു വെറുപ്പിക്കുന്നില്ല.
വേഗത്തിൽപ്പറഞ്ഞാൽ.
…ആടുജീവിതം നജീബിനെ വിഴുങ്ങി, നജീബിനെ ബന്യാമിൻ വിഴുങ്ങി, ബന്യാമിനെ ബ്ലസ്സി വിഴുങ്ങി, ബ്ലസ്സിയെ ഓസ്ക്കാർ റഹ്മാനും ഓസ്ക്കാർ റസൂൽപൂക്കുട്ടിയും ചേർന്നു വിഴുങ്ങി, ഇവരെയെല്ലാം പ്രിഥ് വിരാജ് ഒറ്റയടിയ്ക്ക് വിഴുങ്ങി…
നിർമ്മാണത്തിനും മാർക്കറ്റിംഗിനും പണം വാരി വിതറിയാൽ ആടുജീവിതം പോലെയാവും… ഒന്നാം പകുതിയെക്കാൾ രണ്ടാം പകുതി ഇഷ്ടപ്പെട്ടു, പെരിയോ നെ എന്ന ഗാനമല്ലാതെ മറ്റൊരു ഗാനമിതിലുണ്ട്, വാക്കുകൾ പോലും വ്യക്തമാകാത്ത ഒരു കലപില ബഹളം…. അത് വേണ്ടായിരുന്നു, കൂടാതെ അമലാ പോളിനോടൊപ്പമുള്ള ചളി പിളി.. അതും വേണ്ടായിരുന്നു എന്നുമഭിപ്രായമുണ്ട്, അത് ചിത്രത്തിൻ്റെ ഗാംഭീര്യം ചോർത്തിയെന്നും, ചിത്രത്തിൻ്റെ ദൈർഘ്യം അനാവശ്യമായി കൂട്ടിയെന്നും അഭിപ്രായമുണ്ട്. … ക്ലൈമാക്സ് രംഗം വളരെ ദുർബലമായിപ്പോയി എന്നും തോന്നി. കുറേ കട്ടിംഗും ഷേവിംഗും ഒക്കെ നടത്തി ഒന്നൂടെ മിനുക്കിയാൽ തീർച്ചയായും ലോകത്തിന് മുമ്പിൽ പ്രസ്ൻ്റു ചെയ്യാവുന്ന ഒരു നല്ല ചിത്രം തന്നെയാണിത്. എവിടെയെക്കെയോ ചില അവാർഡുകൾ തീർച്ചയായും മണക്കുന്നുണ്ട്.ആടുജീവിതത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ സുശീൽ തോമസ് സ്ക്കൂൾ കാലം മുതലുള്ള പ്രിയസുഹൃത്താണ് എന്നത് ഏറെ സന്തോഷം നല്കുന്ന കാര്യവുമാണ്.
ആടുജീവിതത്തെപ്പോലെ മറ്റൊരു ചിത്രം കുറേ നാൾ മുമ്പ് കണ്ടിരുന്നു… പണം വാരി വിതറാനില്ലാതെ ദാരിദ്രത്തിൽ നിർമ്മിച്ച് ദാരിദ്ര്യത്തിൽ വിതരണം നടത്തി അധികമാരുമറിയാതെ പോയ ‘മഴ ചാറുമിടവഴിയിൽ ‘ എന്നതുൾപ്പെടെയുള്ള നല്ല ഗാനങ്ങളുമായി വന്ന ‘സമീർ ‘ എന്ന റഷീദ് പാറയ്ക്കൽ ചിത്രം … ഇപ്പോ അതുകൂടി ഇതോടൊപ്പം ഓർത്തു എന്നു മാത്രം… .: