പേരക്കുട്ടികളെന്നാല് മുത്തശ്ശനും മുത്തശ്ശിക്കും പ്രത്യേക സ്നേഹമായിരിക്കും. പേരക്കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ഇവരായിരിക്കും. കൊച്ചു മക്കളുടെ വിശേഷങ്ങളറിഞ്ഞില്ലെങ്കില് വിഷമമായിരിക്കും അവര്‍ക്കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്ന ഒരു വീഡിയോയും ഒരു മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ആണ്.
മെഗ് മെക്ലാ ഷെലാന് എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുഞ്ഞിന്റെ കൂടി മുത്തച്ഛനും മുത്തശ്ശിയും ആയതില്‍ സ്വന്തം അമ്മയുടെയും അച്ഛന്റെയും സന്തോഷമാണ് മെക്ലാഷെലാന് വീഡിയോയിലൂടെ പങ്കുവച്ചത്. ‘എന്റെ അച്ഛനോടും അമ്മയോടും നാല് ആണ്‍കുട്ടികള്‍ക്കു ശേഷം ഞാന്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയാകാന്‍ പോകുകയാണെന്ന് അറിയിച്ചപ്പോഴുണ്ടായ സന്തോഷമാണിത്.’- എന്ന കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവെച്ചത്. യുവതിയുടെ അമ്മ സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയില്‍ കാണാം.
എന്റെ അച്ഛനമ്മമാരേക്കാള്‍ മികച്ചവരായി ആരും ഈ ലോകത്തില്ല. അവരുടെ മക്കളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് അവരുടെ സന്തോഷം. എന്റെ അച്ഛന് മറവി രോഗം ഉണ്ട്. അദ്ദേഹം എപ്പോഴും ഞങ്ങളുടെ പെണ്‍കുഞ്ഞിനെ കുറിച്ച് ചോദിക്കും. അവള്‍ക്കു വേണ്ടി ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നു പറയുകയും ചെയ്തിരുന്നു. 23 പേരക്കുട്ടികളുണ്ട് എന്റെ അമ്മയ്ക്ക്. എന്നിട്ടും പുതിയതായി വരുന്ന കുഞ്ഞിനു വേണ്ടി പുതപ്പു നെയ്യുകയാണ് അമ്മ. വിലമതിക്കാനാകാത്ത സമ്മാനമാണ് അത്. എന്റെ മാതാപിതാക്കള്‍ വളരെ വലിയ മനുഷ്യരാണെന്നും മെക്ലാഷെലാന് കുറിച്ചു. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായെത്തിയത്.