‘മരണമെന്നത് കേവലം ചില നാള്‍വഴികളുടെ അടയാളപ്പെടല്‍ മാത്രമാണ്’ കുറിപ്പ്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ച് തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പര്‍ താരങ്ങളുടെ ഉദയം തന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു.

ഇപ്പോഴിതാ ഡെന്നീസ് ജോസഫിനെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘ഡെന്നീസ് ജോസഫ് പോയിട്ട് ഒരു വര്‍ഷമായത്രെ, വിശ്വസിക്കാനാവുന്നില്ല. മരണമെന്നത് കേവലം ചില നാള്‍വഴികളുടെ അടയാളപ്പെടല്‍ മാത്രമാണ്. മരണമെന്ന ഏറ്റവും വലിയ സത്യത്തോളം ആയുസ്സില്ല അതിന്റെ സ്മരണകള്‍ക്കു പോലും. അയാളെ അറിഞ്ഞവന്റെ മനസ്സില്‍ മാത്രം ഒരൊറ്റനക്ഷത്രമായി അയാള്‍ ജ്വലിച്ചു കൊണ്ടേയിരിക്കും. പ്രിയപ്പെട്ട ഡെന്നീസ് ജോസഫ്, അങ്ങയോളവും, ജോണ്‍ പോളിനോളവും മലയാളസിനിമയുടെ ഉന്മാദഗന്ധത്തെ കഥകളായും തിരക്കഥകളായും ഓര്‍മ്മക്കുറിപ്പുകളായും ഞങ്ങളിലേക്ക് പകര്‍ത്തിയവര്‍ മറ്റാരുമില്ലെന്ന് ജിതേഷ് മംഗലത്ത് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘തലേ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിലെത്തുമ്പോള്‍ ഒരൊറ്റ വരി പോലും സ്‌ക്രിപ്റ്റില്ലാതെയിരുന്ന ശ്യാമയെന്ന സൂപ്പര്‍ഹിറ്റ് സിനിമ.. തൃഷ്ണയെന്ന ചിത്രത്തില്‍ മമ്മൂട്ടിക്കു പകരം നായകനാകേണ്ടിയിരുന്ന പത്തു പതിനഞ്ചുദിവസം ആ വേഷമഭിനയിച്ച ബാബു നമ്പൂതിരി.. എഴുപത് ദിവസമെടുത്തെഴുതി സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറച്ചു വിശ്വസിച്ച ആയിരം കണ്ണുകളുടെ പരാജയവും, അഞ്ചാറു ദിവസം കൊണ്ടെഴുതിത്തീര്‍ത്ത രാജാവിന്റെ മകന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയവും.. കെ.ജി ജോര്‍ജിന് വേണ്ടി എഴുതിയ മനു അങ്കിള്‍,

ന്യൂഡല്‍ഹിക്കു വേണ്ടി ആദ്യമെഴുതിയ തിരക്കഥയുടെ പതിമൂന്നു പേജുകളൊഴിച്ച് ബാക്കിയെല്ലാം കത്തിച്ച് ഒടുവില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ അന്നന്നേക്കുള്ളത് അന്നന്നെഴുതിത്തീര്‍ന്ന കേരളാഹൗസ് ദിനങ്ങള്‍. ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിനു വേണ്ടി അതിന്റെ തിരക്കഥാകൃത്തിനെ കാണാന്‍ ഹോട്ടല്‍ മുറിയിലേക്കു നേരിട്ടു വന്ന,ആ ചിത്രത്തിന്റെ റൈറ്റര്‍ക്കും, പ്രൊഡ്യൂസര്‍ക്കും സ്‌നേഹോപഹാരമായി തന്റെ ഡേറ്റ് കൊടുത്ത രജനീകാന്തെന്ന സൂപ്പര്‍സ്റ്റാര്‍.. ദുബായില്‍ വെച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയുമായി,വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തഭിനയിക്കുന്ന മലയാള സിനിമയെന്ന പേരില്‍ ശ്രദ്ധേയമായ,തന്റെ ആദ്യ സംവിധാനസംരംഭമായ വെണ്‍മേഘഹംസങ്ങള്‍ ഒരാഴ്ച്ചത്തെ ഷൂട്ടിംഗിനു ശേഷം ഉപേക്ഷിക്കപ്പെടുന്നത്, ആദ്യ ആഴ്ചയില്‍ പടം തകര്‍ന്നെന്നു കരുതിയ സമയത്ത് ഫോണിലൂടെ അഭിപ്രായം വിളിച്ചു പറഞ്ഞ കാലടി നമ്പൂതിരിയെന്ന സിനിമാസ്വാദകന്‍ രക്ഷിച്ചെടുത്ത ആകാശദൂത്..

25 വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞച്ചനില്‍ നിന്ന് പിടി വിടാതെ,അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന ടി.എസ്.സുരേഷ് ബാബുവെന്ന ഡയറക്ടര്‍.. ഓര്‍മ്മകളാണ്, അറ്റമില്ലാത്തത്ര തീവ്രമായ ഓര്‍മ്മകള്‍. ആഘോഷിക്കപ്പെട്ടവരുടെ മാത്രം കഥകളുമല്ല, മറക്കപ്പെട്ടവരുടെ, ഒന്നുമാകാതെ പോയവരുടെ കഥകള്‍ കൂടിയാണവ.കറുപ്പും വെളുപ്പും, മധുരവും ചവര്‍പ്പും ഒരുപോലെ ഇടകലരുന്ന നന്ദിയുടെയും, നിരാസത്തിന്റെയും ഓര്‍മ്മകള്‍.. മലയാള സിനിമയെ പ്രണയിച്ചിട്ടുള്ളവര്‍ ഒരിക്കലെങ്കിലും കടന്നുപോകേണ്ട വരികള്‍, ഡെന്നീസ് സാര്‍ യൂ ആര്‍ എ ലജന്‍ഡ്, സിനിമാ എഴുത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഓര്‍മ്മയനുഭവപ്പെടുത്തലുകളിലും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi