‘നായികയുടെ ഓരോ നീക്കത്തിനും കയ്യടിയുടേയും ആര്‍പ്പ് വിളിയുടേയും ആരവം’

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ ജയ ജയ ജയ ജയ ഹേ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനസ് കബീര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ദര്‍ശനയുടേയും ബേസിലിന്റേയും അഭിനയ മികവിനെ പ്രശംസിക്കുന്നു.

ജയ ജയ ജയ ജയഹേ! കഴിഞ്ഞ 10-20 വര്‍ഷത്തിനിടയ്ക്ക് തിയറ്ററിനെ ചിരിയുടെ പൂരപ്പറമ്പാക്കിയ മറ്റൊരു ചിത്രമുണ്ടോ എന്ന് ചോദിച്ചാല്‍ എന്റെ അനുഭവത്തില്‍ ഇതല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. നായികയുടെ ഓരോ നീക്കത്തിനും കയ്യടിയുടേയും ആര്‍പ്പ് വിളിയുടേയും ആരവം.. പെണ്മക്കളെ സ്‌നേഹിക്കുന്ന ഓരോ അച്ഛനമ്മമാര്‍ക്കും അടിപൊളി ഗൂസ്ബമ്പ് മൊമെന്റ്‌സ്.. സോഷ്യല്‍ മെസ്സേജുകളുടെ അമിതഭാരമില്ലാതെ ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ബേസിലിന്റേയും ദര്‍ശനയുടേയും സുധീര്‍ പറവൂറിന്റേയും, അസീസിന്റേയും മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ പാട്രിയാര്‍ക്കിക്കല്‍ സമൂഹത്തിന്റെ നെറുകന്തലയ്ക്കുള്ള അടിയാണ് സിനിമ!

ബേസിലിന്റെ അമ്മയായി വന്ന നടി ഞെട്ടിച്ചു. ജാനേമനിലും പാല്‍തൂജാന്‍വറും കഴിഞ്ഞ് ജയയിലെത്തുമ്പോള്‍ ബേസില്‍ brevity is the soul if the wit എന്ന് പറയുന്ന പോലെ കൃത്യമായ മീറ്ററില്‍ ആളുകളെ കയ്യിലെടുക്കുന്നു..??
ദര്‍ശനയാണെങ്കില്‍ വ്യ്ത്യസ്ത ഭാവപരിണാമങ്ങളെ നിഷ്പ്രയാസം പ്രേക്ഷകനിലേയ്ക്ക് ഇറക്കി വെക്കുന്നു.. ഓരോ ചലനങ്ങളിലും പ്രതിഭയുടെ ഗ്രേസും പവറും ?? ക്രാഫ്റ്റിലെ കയ്യടക്കത്തിനു സംവിധായകന്‍ വിപിന്‍ ദാസിനു ഒരായിരം നന്ദി. ജയ ചിരിച്ചപ്പോള്‍ അവളോടൊപ്പം കരയാനും രാജേഷ് കരഞ്ഞപ്പോഴൊക്കെ ആര്‍ത്ത് ചിരിക്കാനും വെമ്പിയ കുഞ്ഞുങ്ങളിലും അവരെക്കൂടി ഇത് കാണിക്കാനും കൊണ്ട് വന്ന മാതാപിതാക്കള്‍ക്കുമാണ് എന്റെ കയ്യടിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ജയ ജയ ജയ ജയ ഹേ’യില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിയേഴ്‌സ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍- ജോണ്‍കുട്ടി.

Gargi