എം.കെ. സ്റ്റാലിനെ കണ്ട് ഫഹദ് ഫാസില്‍, ‘ നടന്‍ രാഷ്ട്രീയത്തിലേക്കോ?’ എന്ന് ആരാധകര്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് നടന്‍ ഫഹദ് ഫാസില്‍. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമാണ് ഫഹദ് സ്റ്റാലിനെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനാണ് ഇരുവരും അവിടെയെത്തിയത്. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. സ്റ്റാലിനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ മാരി സെല്‍വരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം പങ്കുവെച്ചത്. മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാകും ഫഹദ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന ചിത്രം.

Gargi