കാണാതായ വളര്‍ത്താമയെ, 30 വര്‍ഷത്തിന് ശേഷം, തട്ടിന്‍ പുറത്തു നിന്നും കണ്ടെത്തി കുടുംബം

Follow Us :

30 വര്‍ഷത്തിന് മുമ്പ് കാണാതായ വളര്‍ത്താമയെ കുടുംബം കണ്ടെത്തി. ആമ വീടിന്റെ തട്ടിന്‍പുറത്തു തന്നെയുണ്ടെന്നായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 1982-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ കുടുംബത്തിനാണ് മനുവേല എന്ന് പേരുള്ള ആമയെ നഷ്ടപ്പെട്ടത്. ഇതിനായി ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും അതിനെ കണ്ടെത്താനായില്ല.

വീടിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കിടെ കെട്ടിടം പണിക്കാര്‍ മുന്‍വശത്തെ വാതില്‍ തുറന്ന് വെച്ചതിനെ തുടര്‍ന്നാണ് ആമയെ കാണാതായതെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. 30 വര്‍ഷത്തിന് ശേഷം അവരുടെ പിതാവ് ലയണല്‍ മരിച്ചപ്പോള്‍, കുടുംബം തറവാട് വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്ത് നിന്ന് ആമയെ കണ്ടെത്തിയത്. ലയോണലിന്റെ മകന്‍ ലിയാന്‍ഡ്രോ, കാണാതായ മാനുവേലയെ ഒരു പഴയ റെക്കോര്‍ഡ് പ്ലെയര്‍ അടങ്ങിയ പെട്ടിയില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. എന്തും ശരിയാക്കാമെന്നാണ് അച്ഛന്‍ കരുതിയതെന്നും അതിനാലാണ് പഴയതെല്ലാം തട്ടിന്‍ പുറത്ത് കൂട്ടിയിട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും വര്‍ഷമായി ആമ എങ്ങനെ ജീവിച്ചിരുന്നു എന്നോര്‍ത്ത് അവരെല്ലാവരും ഞെട്ടലിലാണ്. മരത്തടികളിലെ ചിതലും മറ്റ് ചെറിയ പ്രാണികളും കഴിച്ചാണ് അത് അതിജീവിച്ചതെന്നാണ് കരുതുന്നത്. അതേസമയം പരിശോധനയ്ക്ക് ശേഷം വീട്ടുകാര്‍ ആമ ആണ്‍ ആണെന്ന് മനസ്സിലാക്കുകയും മാനുവല എന്ന പേര് മാനുവല്‍ എന്ന് മാറ്റുകയും ചെയ്തു. ആമകള്‍ക്ക് 255 വര്‍ഷം വരെ ജീവിക്കാം. ഭക്ഷണവും വെള്ളവുമില്ലാതെ അവയ്ക്ക് 3 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും.