ഇന്ത്യന്‍ ആര്‍മിയ്ക്ക് ഒരു ബിഗ് സല്യൂട്ട്; 18 മാസം പ്രായമുള്ള കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

വര്‍ഷങ്ങളായി, ഇന്ത്യന്‍ സൈന്യം അവരുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെയും രക്ഷാദൗത്യങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച, ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി അവര്‍ വീണ്ടും തങ്ങളുടെ…

വര്‍ഷങ്ങളായി, ഇന്ത്യന്‍ സൈന്യം അവരുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെയും രക്ഷാദൗത്യങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച, ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി അവര്‍ വീണ്ടും തങ്ങളുടെ കഴിവ് തെളിയിച്ചു.

ജൂണ്‍ 7 ന് രാത്രി 8 മണിയോടെ, തന്റെ മാതാപിതാക്കള്‍ കൂലിപ്പണി ചെയ്തിരുന്ന ഒരു ഫാമില്‍ കളിക്കുകയായിരുന്നു ദുദാപൂര്‍ ഗ്രാമത്തിലെ ശിവം എന്ന ആണ്‍കുട്ടി. കളിക്കിടയില്‍ കുഞ്ഞ് കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടി കുഴല്‍ക്കിണറില്‍ വീണതിനെത്തുടര്‍ന്ന് ഉടന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ധ്രംഗധ്രയിലെ ഇന്ത്യന്‍ ആര്‍മി ക്യാമ്പിന്റെ സഹായം തേടി. ഉടന്‍ തന്നെ സൈന്യത്തിന്റെ ഒരു സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു.

സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തെ പെട്ടെന്ന് തന്നെ സൈനികരുടെ രക്ഷാപ്രവര്‍ത്തന കഴിവും മനസാന്നിധ്യവും കൊണ്ട് ഉടന്‍ പരിഹരിച്ചു. കരസേനാ ഉദ്യോഗസ്ഥര്‍ മെറ്റാലിക് ഹുക്ക് ഉപയോഗിച്ച് ഒരു കയറില്‍ ഘടിപ്പിച്ചു, തുടര്‍ന്ന് അവര്‍ കുട്ടിയുടെ വസ്ത്രത്തില്‍ കൊളുത്ത് ഭദ്രമായി കുരുക്കി മുകളിലേക്ക് വലിച്ചു. രാത്രി 10.45 ഓടെ കുഞ്ഞിനെ പുറത്തെത്തിച്ചു.

തുടര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.