ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബലമായി ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ആരാധകന്റെ ശ്രമം. അര്‍ജന്റീന- ഇക്വഡോര്‍ മത്സരത്തിന് ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ആരാധകന് മെസിക്കടുത്തെത്തിയത്. മെസിയുടെ സമീപത്തേക്ക് ഓടിവന്ന ആരാധകന് കയ്യിലെ ഫോണില്‍ ക്യാമറ ഓണ്‍ ആക്കിയിരുന്നു. ഓടി മെസിയുടെ അരികിലെത്തിയ ആരാധകന് താരത്തിന്റെ കഴുത്തില്‍ വരിഞ്ഞ് മുറുക്കി. നേരെ ഫോണിലെ ക്യാമറയിലേക്ക് കാണിച്ചു. ശ്വാസം മുട്ടിപോകുന്ന വിധം കഴുത്തില്‍ വരിഞ്ഞുമുറുകിയ ആരാധകന്റെ കയ്യില്‍ നിന്നും മെസി ഒരുവിധം കുതറി മാറി. സംഭവത്തില്‍ മെസി ക്ഷുഭിതനാകുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ മെസിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെക്കാനും ആരാധകന് മറന്നില്ല. തന്നെ സന്തോഷിപ്പിച്ച മെസിക്ക് ഒരായിരം നന്ദിയെന്നായിരുന്നു ആരാധകന്റെ പോസ്റ്റ്.