Film News

എയർഫോഴ്സ് യൂണിഫോം ധരിച്ച് നായകന്റെയും നായികയുടെയും ലിപ് കിസ്; ‘ഫൈറ്റർ’ സിനിമയ്ക്കെതിരെ നോട്ടീസ്

ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിച്ച ‘ഫൈറ്റർ’ എന്ന ചിത്രത്തിലെ ചുംബന രം​ഗം വിവാ​ദത്തിൽ. ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വായു സേനയുടെ യൂണിഫോം ധരിച്ച് ചുംബന രംഗത്തിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു ഐഎഎഫ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടീസ് അയച്ചത്.

ഒരു വിംഗ് കമാൻഡർ വ്യക്തിപരമായി നോട്ടീസ് നൽകിയതെന്നും ഉദ്യോഗസ്ഥൻ്റെ നടപടി ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രതിനിധീകരിച്ചല്ലെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോട്ടീസ് നൽകിയ ഐഎഎഫ് ഉദ്യോഗസ്ഥൻ അസം സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ രംഗം വ്യോമസേനയെ അപമാനിക്കുന്നതാണെന്ന് ഉദ്യോഗസ്ഥൻ നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

ഈ രംഗം വ്യോമസേനയുടെ അന്തസ്സിനെ മോശമായി ചിത്രീകരിക്കുന്നതാണെന്നും എണ്ണമറ്റ ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്റെ വില നശിപ്പിക്കുന്നതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ ജനുവരി 25 നാണ് റിലീസ് ചെയ്തത്. സച്ചിത് ഹൗലോസ് ആണ് ഛായാഗ്രാഹകൻ. സിദ്ധാർഥ് ആനന്ദും റമൺ ചിബും ചേർന്നാണ് ചിത്രത്തിൻറെ കഥാരചന. തിരക്കഥ റമൺ ചിബ്, സംഭാഷണം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, പ്രൊഡക്ഷൻ ഡിസൈനിംഗ് രജത് പൊഡ്ഡാർ, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈൻ ആൻ‍ഡ് ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാർഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ മംമ്ത ആനന്ദ്, റമൺ ചിബ്, അങ്കു പാണ്ഡെ, കെവിൻ വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റർ നിർമ്മിച്ചത്.

Anu B