പുതിയ ചിത്രമായ ‘മെൽകൗ അറ്റ് പോണ്ടിച്ചേരി’യുടെ ആദ്യ ഷോ കാണാൻ തിയറ്ററിലെത്തിയ നടൻ അർജുൻ അശോകൻ മാധ്യമപ്രവർത്തകർക്കിടയിലെ ഒരു യൂട്യൂബറോട് ക്ഷുഭിതനാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. “ആഴ്ചയിൽ ആഴ്ചയിൽ സിനിമ ഇറങ്ങുന്നത് വെല്ലുവിളിയായി കാണുന്നുണ്ടോ” എന്ന യൂട്യൂബറുടെ ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു മുൻപത്തെ ആഴ്ച തന്റെ ഏത് സിനിമയാണ് ഇറങ്ങിയതെന്ന് തിരിച്ചുചോദിച്ച അർജുൻ, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി മര്യാദയ്ക്ക് ചോദ്യങ്ങൾ ചോദിക്കണമെന്ന് തുറന്നടിച്ചു.
അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്നും അത് ഒരിക്കലും ഒരു വെല്ലുവിളിയായി തോന്നാറില്ലെന്നും, മറിച്ച് വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ആവേശമുണ്ടാകുന്നതെന്നും താരം വ്യക്തമാക്കി. വ്യത്യസ്തമായ വേഷങ്ങൾ ചെയ്തില്ലെങ്കിൽ പ്രേക്ഷകർക്ക് മടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ താരത്തെ അനുകൂലിച്ചും വിമർശിച്ചും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ‘ഡിസ്കോ’ എന്ന ചിത്രത്തിലും അർജുൻ പ്രധാന വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ഈ ചർച്ചകൾക്ക് പിന്നിൽ.
