‘അത്ഭുതദ്വീപ് കണ്ട് ജോഷി ചോദിച്ചു, ആരാ ക്യാമറാമാൻ, അതിനുത്തരമായിരുന്നു നരൻ’; ഷാജി കുമാറിനെ ഓർത്ത് വിതുമ്പി വിനയൻ!

‘അത്ഭുതദ്വീപ് കണ്ട് ജോഷി ചോദിച്ചു, ആരാ ക്യാമറാമാൻ, അതിനുത്തരമായിരുന്നു നരൻ’; ഷാജി കുമാറിനെ ഓർത്ത് വിതുമ്പി വിനയൻ!

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറുമായുള്ള ആത്മബന്ധവും സിനിമാ ഓർമ്മകളും പങ്കുവെച്ച് സംവിധായകൻ വിനയൻ. ‘വെള്ളിനക്ഷത്രം’, ‘സത്യം’, ‘അത്ഭുതദ്വീപ്’, ‘പത്തൊൻപതാം നൂറ്റാണ്ട്’ തുടങ്ങിയ തന്റെ ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറിന്റെ അർപ്പണബോധത്തെക്കുറിച്ചും പ്രതിഭയെക്കുറിച്ചുമുള്ള വൈകാരികമായ കുറിപ്പാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ‘അത്ഭുതദ്വീപ്’ കണ്ടതിന് പിന്നാലെ സംവിധായകൻ ജോഷി തന്നെ വിളിച്ച് ക്യാമറാമാൻ ആരാണെന്ന് അന്വേഷിച്ചിരുന്നുവെന്നും, ആ അന്വേഷണത്തിൽ നിന്നാണ് മോഹൻലാൽ ചിത്രം ‘നരനി’ലേക്ക് ഷാജി എത്തിയതെന്നും വിനയൻ ഓർത്തെടുക്കുന്നു.

അക്കാലത്ത് മലയാള സിനിമയിൽ ഗ്രാഫിക്സ് സാങ്കേതികവിദ്യ ഇത്രയധികം വളർന്നിട്ടില്ലാത്ത സാഹചര്യത്തിൽ, ചെന്നൈയിൽ ദിവസങ്ങളോളം തന്നോടൊപ്പം നിന്ന് ‘അത്ഭുതദ്വീപി’ന്റെ ദൃശ്യമികവിനായി ഷാജി കഠിനാധ്വാനം ചെയ്തതിനെക്കുറിച്ചും വിനയൻ കുറിച്ചു. ലാലേട്ടനെപ്പോലുള്ള വലിയ താരങ്ങളുടെ ഡേറ്റ് സംഘടിപ്പിച്ച് സിനിമ ചെയ്യാൻ ഷാജി തന്നോട് എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും, എവിടെയായിരുന്നാലും താൻ വിളിച്ചാൽ ഓടിവരുമെന്ന് ദിവസങ്ങൾക്കു മുൻപ് പോലും അദ്ദേഹം സ്നേഹത്തോടെ പറഞ്ഞിരുന്നുവെന്നും വിനയൻ വേദനയോടെ ഓർക്കുന്നു.