
ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ സ്വീകാര്യത നേടിയ താരമാണ് അനശ്വര രാജൻ. പൃഥ്വിരാജും ബേസിലും അനശ്വരയുമെല്ലാം മുഖ്യ വേഷങ്ങളിൽ എത്തിയ ഗുരുവായൂരമ്പല നടയിൽ ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ അനശ്വര ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
ഇന്ന് ഞങ്ങടെ കല്യാണാണ്, നിങ്ങളെല്ലാരും വരണം- എന്നാണ് കല്യാണക്കത്തിനൊപ്പം അനശ്വര കുറിച്ചിരിക്കുന്നത്. എന്നാൽ അനശ്വരയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ എത്തിയതോടെ പോസ്റ്റ് അതിവേഗം വൈറലായി മാറി. ബേസിൽ ജോസഫാണ് ചിത്രത്തിലെ അനശ്വരയുടെ നായകൻ. വിനു എന്ന കഥാപാത്രമായി ബേസിലെത്തുമ്പോൾ അഞ്ജലി എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിട്ടുള്ളത്.

വിനുവിന്റെ യഥാർത്ഥ പേര് രാജേഷ് എന്നാണ്, കൊല്ലം മയ്യനാട് ആണ് സ്വദേശം ആൾ അത്ര വെടിപ്പല്ല എന്നാണ് ഒരാൾ കുറിച്ചത്. ജയ ജയ ജയഹേ എന്ന ചിത്രത്തിലെ ബേസിലിന്റെ കഥാപാത്രമാണ് രാജേഷ്. ജയ വരുവോ നിങ്ങളുടെ കല്യാണത്തിന്, വിനു എന്ന് പേരുള്ള ഇവനെ വിശ്വസിക്കരുത്, വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്നിങ്ങനെ ജയ ജയ ജയഹേയുമായി ബന്ധപ്പെടുത്തിയാണ് കൂടുതലും കമന്റുകൾ വരുന്നത്.











