
പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരുന്നു ‘തുടരും’ സിനിമയിലെ അർജുൻ അശോകന്റെ കഥാപാത്രം. ഇന്റര്‍വെലിന് മുമ്പ് ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട അര്ജുന് അശോകന് പ്രേഷകരുടെ കൈയടി വാങ്ങിയാണ് കളംവിട്ടത്. മോഹൻലാലുമൊത്തുള്ള അർജുന്റെ രംഗം തിയറ്ററില്‍ ചിരി പടർത്തിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയിൽ അഭിനയിക്കാനിടയായ കാരണം വെളിപ്പെടുത്തുകയാണ് താരം. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് ഒരു സീനാണെങ്കിൽപോലും വന്നഭിനയിച്ചതെന്ന് അർജുൻ പറയുന്നു.

സിനിമയിലേക്കു വിളിച്ചപ്പോൾ, ചിലപ്പോൾ ഒന്നോ രണ്ടോ ഡയലോഗേ ഉണ്ടാകൂ, ഒരു ഷോട്ടൊക്കയേ ഉണ്ടാകൂ പ്രശ്നമുണ്ടോ എന്ന് ചോദിച്ചു, ഒരു പ്രശ്നവുമില്ല, ലാലേട്ടന്റെ കൂടെയല്ലേ എന്നു ഞാൻ പറഞ്ഞു. ഞാനിതുവരെയും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടില്ല, അപ്പോൾ ഒരു കൊതി. പിന്നെയൊന്നും നോക്കാൻ പോയില്ല, അർജുൻ പറയുന്നു.നായകനടനായി നില്ക്കുമ്പോള് ഈ വേഷം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യത്തോടും അര്ജുന് അശോകന് പ്രതികരിച്ചു, നായകനടനായതുകൊണ്ട് ഈ വേഷം ചെയ്യാന്‍ പാടില്ലേ എന്നും അർജുൻ പറയുന്നു.
അടിപൊളി അനുഭവം ആയിരുന്നു. ഞാൻ ആരുടെ കൂടെയാണ് അഭിനയിക്കുന്നതെന്നു നോക്കൂ. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടില്ല. ഒരു ചാൻസ് കിട്ടിയപ്പോൾ അത് മിസ്സ് ചെയ്യേണ്ട എന്ന് കരുതി കയറിയതാണ്. കൂടാതെ അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ ആഗ്രഹിക്കുന്നു, എന്നും അർജുൻ അശോകൻ പറയുന്നു.












