ദേവിയേടത്തിയെ കാണാനെത്തി അപ്പു!!

മലയാളികള്‍ ഹൃദയത്തിലേറ്റിയ ജനപ്രിയ പരമ്പരയായിരുന്നു സാന്ത്വനം. നടി ചിപ്പി, ഗോപിക അനില്‍, രക്ഷ രാജ്, സജിന്‍, രാജീവ് തുടങ്ങി ഒരു വലിയ താരനിരയാണ് പരമ്പരയില്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പരമ്പര ആയിരം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് അപ്രതീക്ഷിതമായി പരമ്പര അവസാനിപ്പിച്ചത്.

ഇപ്പോഴിതാ നടി ചിപ്പിയും രക്ഷാ രാജുമൊന്നിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. കുറച്ച് കാലങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍. പരമ്പര അവസാനിച്ചെങ്കിലും താരങ്ങളോട് ആരാധകര്‍ക്കിപ്പോഴും ഏറെ സ്‌നേഹമാണ്.

‘ഞങ്ങള്‍ വീണ്ടും കണ്ടു. ചേച്ചിയെ കാണാനുള്ള വളരെ പെട്ടെന്നുള്ള യാത്ര. ഈ കണ്ടുമുട്ടല്‍ ഞങ്ങളുടെ പഴയ ദിവസങ്ങളെ ഓര്‍മിപ്പിച്ചു. സ്‌നേഹം ഒരിക്കലും മങ്ങില്ലെന്ന് മനസിലായി’ എന്നു പറഞ്ഞാണ് രക്ഷ വീഡിയോ പങ്കുവച്ചത്.

ദേവിയേടത്തിയെയും അപ്പുവിനെയും ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകരും. അതിനിടെ സാന്ത്വനത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന അപ്‌ഡേറ്റും എത്തിയിട്ടുണ്ട്. അതേസമയം ആരാധകര്‍ക്ക് അല്‍പം നിരാശയുമുണ്ട്. രണ്ടാം ഭാഗത്തില്‍ പഴയ താരങ്ങള്‍ ആരും ഉണ്ടാവില്ലെന്നും എല്ലാം പുതിയവര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘സാന്ത്വനം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ ആരുമില്ല. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. അത് എന്തുകൊണ്ട് ആണ് എന്ന് ചോദിച്ചാല്‍ പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്’ എന്ന് ഗോപിക അനിലും സോഷ്യലിടത്ത് പങ്കുവച്ചിട്ടുണ്ട്.