അസോഷ്യേറ്റ് ഡയറക്ടര്‍ എന്ന നിലയിലും പങ്കാളിയായിട്ടും അഭിമാനം!! സുരേഷേട്ടന് ആശംസകളുമായി ദീപ്തി

രാജേഷ് മാധവനും ചിത്രാ നായരും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വ്യത്യസ്മായ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണിത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഹിറ്റ് കോംമ്പോയായിരുന്നു സുരേഷട്ടനും സുമലത ടീച്ചറും. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തിയ്യേറ്ററില്‍ ലഭിക്കുന്നത്.

രാജേഷ് മാധവന്‍ ആദ്യമായി നായകനായെത്തിയ ചിത്രമാണ്. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാജേഷിന്റെ പ്രിയശ്രുത വധു ദീപ്തി കാരാട്ട് ഹൃദ്യമായ ആശംസ നേര്‍ന്നിരുന്നു. രാജേഷ് മാധവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് ദീപ്തി പറയുന്നു.

ഇന്ന് ശരിക്കും ഒരു വലിയ ദിവസമാണ്. ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും സന്തോഷവും നിരാശയും നിറഞ്ഞ നിന്റെ യാത്രയ്ക്ക് ഞാന്‍ സാക്ഷിയായി. സുരേശനാകാന്‍ നീ നടത്തിയ അര്‍പ്പണബോധവും കഠിനാധ്വാനവും കണ്ടു. ഒരു അസോഷ്യേറ്റ് ഡയറക്ടര്‍ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റില്‍ ഞാനുണ്ടായിരുന്നെന്ന് ദീപ്തി പറയുന്നു.

നിന്നേക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്റെ ഹൃദയം അഭിമാനത്താല്‍ വീര്‍പ്പുമുട്ടുന്നു. നിങ്ങള്‍ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങള്‍ക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എന്റെ സുരേഷിനും അവന്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകള്‍. എന്ന് നിന്റെ ഏറ്റവും വലിയ ആരാധിക. എന്നാണ് ദീപ്തി പങ്കുവച്ചത്.