കുടുംബസമേതം കണ്ണൂർ തളിപ്പറമ്പിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ നടൻ ദിലീപിന്റെയും നടി കാവ്യ മാധവന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ദിലീപിനും കാവ്യയ്ക്കുമൊപ്പം മകൾ മഹാലക്ഷ്മിയും (മാമാട്ടി) കാവ്യയുടെ അമ്മ ശ്യാമളയും ക്ഷേത്രദർശനത്തിനായി എത്തിയിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും പൊന്നിൻ കുടം വഴിപാടും നടത്തിയ ശേഷമാണ് താരകുടുംബം മടങ്ങിയത്.
രാജരാജേശ്വര ക്ഷേത്രദർശനത്തിന് പുറമേ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ രുദ്രാഭിഷേകവും തൃച്ചംബരം ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും ഇവർ സമർപ്പിച്ചു. വിശേഷദിവസങ്ങളിൽ തളിപ്പറമ്പിലെ ക്ഷേത്രങ്ങളിൽ പതിവായി ദർശനത്തിനെത്തുന്ന താരദമ്പതികളുടെ ഏറ്റവും പുതിയ കുടുംബചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ബിഗ് ബജറ്റ് ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്റ്റ്.
