
പൃഥ്വിരാജ്-ബേസിൽ ജോസഫ് കോംബോയിൽ എത്തിയ ഗുരുവായൂരമ്പലനടയിൽ തീയറ്ററിൽ കുതിപ്പ് തുടരുന്നു. സിനിമയുടെ ആദ്യദിന കളക്ഷൻ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തിൽനിന്ന് മാത്രമായി 3.8 കോടിയാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇപ്പോൾ സിനിമയുടെ ആഗോള കളക്ഷൻ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിങ് ആണ് ഗുരുവായൂരമ്പലനടയിൽ നേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ എഠ്ട് കോടിയിലധികം രൂപ നേടാൻ സിനിമയ്ക്ക് സാധിച്ചു. വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നായി 55 ലക്ഷം രൂപയും നേടി. ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കളക്ഷൻ 16 കോടിയിലധികം നേടിയ ബ്ലെസി ഒരുക്കിയ ആടുജീവിതം ആണ്. ഇപ്പോൾ എട്ട് കോടിയുമായി ഗുരുവായൂരമ്പലനടയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.











