‘ഇതൊരു താക്കീതാണ്’!! ‘ട്രെയിനിലിരുന്ന് ഗുരുവായൂരമ്പല നടയില്‍ വ്യാജ പതിപ്പ് കണ്ട യുവാവിനെ കൈയ്യോടെ പൊക്കി മഞ്ജിത് ദിവാകര്‍

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച ഓപ്പണിങ് കലക്ഷന്‍ തന്നെ ചിത്രംനേടിയിരുന്നു. റിലീസ് ദിവസം തന്നെ 3.75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്ഷന്‍. മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് ഗുരുവായൂരമ്പല നടയില്‍. അനശ്വര രാജനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. ആനന്ദന്‍ എന്ന കഥാപാത്രമായി പൊട്ടിച്ചിരിപ്പിക്കുകയാണ് പൃഥ്വി. വിനു എന്ന കഥാപാത്രമായിട്ടാണ് ബേസിലെത്തിയത്.

തിയ്യേറ്ററിലെത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴെ വ്യാജപതിപ്പും എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. ട്രെയിനിലിരുന്ന് സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഞ്ജിത്.

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ ഇരുന്നാണ് യുവാവ് സിനിമ കാണുന്നത്. ഇതൊരു താക്കീതാണെന്ന് പറഞ്ഞാണ് മഞ്ജിത് വീഡിയോ പങ്കുവച്ചത്. ഇന്നലെ ലോകമെമ്പാടും റിലീസ് ആയ #ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയിനില്‍ ഒരു മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കൈയ്യില്‍ കിട്ടുമ്പോള്‍ അവന്‍ നമ്മുടെ കൈയ്യില്‍ നിന്നും മിസ്സായി.

ഇപ്പോള്‍ ഏകദേശം ആ ട്രെയിന്‍ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം. പണം മുടക്കുന്ന നിര്‍മ്മാതാവിന് അതിനേക്കാള്‍ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുന്‍പില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്…