ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക മികവുമായി ‘ഹാഫ്’; ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ ആഗോള പ്രദർശനം

സാങ്കേതിക മികവിൽ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നുവെന്ന ശ്രദ്ധേയമായ വിലയിരുത്തലുമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. ചിത്രത്തിന്റെ ആഗോള പ്രദർശനത്തിന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തുടക്കമായി. മേളയുടെ ആറാം ദിനത്തിൽ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നടന്നത്. കാൻ, വെനീസ്, ബെർലിൻ ഉൾപ്പെടെ 25ഓളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ക്യൂറേറ്റർ മീനാക്ഷി ഷെഡ്ഡേ ‘ഹാഫി’നെക്കുറിച്ച് ശ്രദ്ധേയമായ പ്രതികരണമാണ് പങ്കുവെച്ചത്. ഇതുവരെ ഇന്ത്യയിൽ ഇത്തരമൊരു സിനിമ കണ്ടിട്ടുണ്ടാകില്ലെന്നാണ് ചിത്രത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തൽ.

ഇരട്ടകളായ ഈതനും ഐവിയും ഇന്റർ സ്പീഷീസ് പാരന്റേജിലൂടെ ലഭിച്ച കഴിവുകളുമായി നടത്തുന്ന മരുയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയ കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ ആയിരുന്നു സംജാദിന്റെ ആദ്യ സംവിധാനചിത്രം. ആക്ഷൻ രംഗങ്ങൾക്കും ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ‘ദി റെയ്ഡ് 2’, ‘ദി നൈറ്റ് കംസ് ഫോർ അസ്’, ‘24 അവേഴ്‌സ് വിത്ത് ഗാസ്പർ’ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇൻഡോനേഷ്യൻ സ്റ്റണ്ട് സംവിധായകൻ വേരി ട്രി യൂളിസ്മാനാണ് ‘ഹാഫി’ലെ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ മരുഭൂമിയിലും കസാഖിസ്താനിലെ വിവിധ പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടെ സമീപപ്രദേശങ്ങളിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച് സിനിമാ സംഘത്തിന് മടങ്ങേണ്ട സാഹചര്യമുണ്ടായി. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ച് പൂർത്തിയാക്കിയത്.

‘ഗോറി’–‘കറി വെസ്റ്റേൺ’ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഐശ്വര്യ രാജും രഞ്ജിത് സജീവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല പോൾ, അബ്ബാസ്, ശ്രീകാന്ത് മുരളി എന്നിവർ പ്രതിനായക വേഷങ്ങളിലെത്തുന്നു. ജോജി മുണ്ടക്കയം, അഞ്ജലി നായർ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ പി. കെ. സജീവും ആൻ സജീവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രഹണം. ചിത്രസംയോജനം മഹേഷ് ഭുവനേന്ദും സംഗീതസംവിധാനം മിഥുൻ മുകുന്ദനും നിർവഹിക്കുന്നു. ശബ്ദസന്നിവേശം വിഷ്ണു ഗോവിന്ദാണ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സെപ്റ്റംബർ 20ന് സമാപിക്കും.