‘നാലു മക്കളിൽ ഇളയവൾ ഹൻസു; ചാക്കോച്ചൻ അവളെ ചോട്ടയാക്കി’; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ

‘നാലു മക്കളിൽ ഇളയവൾ ഹൻസു; ചാക്കോച്ചൻ അവളെ ചോട്ടയാക്കി’; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ നടൻ കുഞ്ചാക്കോ ബോബൻ അയച്ച സെൽഫി പങ്കുവെച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. തന്റെ ഇളയ മകൾ ഹൻസിക കൃഷ്ണയുടെ സിനിമാ അരങ്ങേറ്റ ചിത്രമാണ് ‘ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്’. കുഞ്ചാക്കോ ബോബനൊപ്പം ഹൻസികയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നാദിയ മൊയ്തു, നസ്ലിൻ, ചന്തു സലിംകുമാർ എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങളാണ്.

കുഞ്ചാക്കോ ബോബൻ അയച്ച സെൽഫിക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും കൃഷ്ണകുമാർ പങ്കുവെച്ചു. വീട്ടിലെ നാല് മക്കളിൽ ഏറ്റവും ഇളയവളായ ഹൻസികയെ കുഞ്ചാക്കോ ബോബൻ സ്നേഹപൂർവം ‘ചോട്ട’ എന്ന് വിശേഷിപ്പിച്ചതാണ് കുറിപ്പിന്റെ പ്രധാന ആകർഷണം.

മുംബൈയിലെ ഓഫീസിലിരിക്കുമ്പോഴാണ് കുഞ്ചാക്കോ ബോബന്റെ വാട്‌സാപ്പ് സന്ദേശം ലഭിച്ചതെന്ന് കൃഷ്ണകുമാർ കുറിച്ചു. സന്ദേശം തുറന്നപ്പോൾ കണ്ടത് ഇരുവരും ഒന്നിച്ചുള്ള സെൽഫിയായിരുന്നു. ചിത്രത്തിനൊപ്പം ‘With your chotta’ എന്ന അടിക്കുറിപ്പും ചാക്കോച്ചൻ നൽകിയിരുന്നു. വീട്ടിലെ ഇളയ മകളായ ഹൻസുവിനെ ചോട്ട എന്ന് വിളിച്ചതിൽ ഏറെ സന്തോഷം തോന്നിയെന്നും ഉടൻ തന്നെ കുഞ്ചാക്കോ ബോബനെ വിളിച്ച് നന്ദി അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഹൻസിക ജനിക്കുന്നതിന് അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു ‘പ്രിയം’. ചിത്രത്തിലെ ഗാനങ്ങൾ കുട്ടിക്കാലത്ത് ഹൻസികയ്ക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു. പാട്ടുകൾ ടെലിവിഷനിൽ കാണുമ്പോൾ കൊച്ചുകുട്ടിയായിരുന്ന ഹൻസു കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നുവെന്നും കൃഷ്ണകുമാർ ഓർത്തെടുത്തു.

വർഷങ്ങൾക്കിപ്പുറം താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകളിലെ നായകനൊപ്പം അഭിനയിക്കാൻ മകൾക്ക് അവസരം ലഭിച്ചതും അതേ താരം അയച്ച സെൽഫിയിൽ മറ്റ് അഭിനേതാക്കൾക്കൊപ്പം ഇടം നേടാൻ കഴിഞ്ഞതും വലിയ സന്തോഷവും അനുഗ്രഹവുമായി തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു. ഒരു കലാകാരനെന്ന നിലയിലും ഹൻസികയുടെ പിതാവെന്ന നിലയിലും ഈ നിമിഷം ഏറെ അഭിമാനകരമാണെന്നും കുഞ്ചാക്കോ ബോബന് നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.