തമിഴ് താരം സൂര്യയുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ താൻ നിരസിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി നസ്രിയ നസീം. സൂര്യ അടുത്തിടെ ഒരു സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ പരാമർശത്തിന് മറുപടിയായാണ് നസ്രിയയുടെ പ്രതികരണം. ഡേറ്റ് സംബന്ധമായ തിരക്കുകളും മറ്റ് ചില ആശയക്കുഴപ്പങ്ങളുമാണ് മുൻപ് സൂര്യ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയാതിരുന്നതിന് കാരണമെന്നും താരം വ്യക്തമാക്കി. സൂര്യയുടെ സിനിമകളിൽ അഭിനയിക്കാൻ നസ്രിയയെ നേരത്തെ പലതവണ സമീപിച്ചിരുന്നുവെന്നും നാലാമത്തെ ശ്രമത്തിലാണ് താരം സമ്മതിച്ചതെന്നും സൂര്യ തമാശരൂപേണ പറഞ്ഞിരുന്നു. എന്നാൽ സൂര്യയെ താൻ ഒരിക്കലും മനഃപൂർവം നിരസിച്ചിട്ടില്ലെന്നാണ് നസ്രിയയുടെ വിശദീകരണം.
‘സത്യത്തിൽ ഡേറ്റ് പ്രശ്നങ്ങൾ കൊണ്ടോ മറ്റെന്തെങ്കിലും ആശയക്കുഴപ്പങ്ങൾ കൊണ്ടോ സംഭവിച്ചുപോയതാണ്. അല്ലാതെ സൂര്യ സാറിനെ ഞാൻ ഒരിക്കലും റിജക്ട് ചെയ്തിട്ടില്ല. ജിത്തുവിന്റെ മനസിലേക്ക് സീനിലെ നായികയായി ഞാൻ എങ്ങനെയാണ് എത്തിയതെന്ന് എനിക്കറിയില്ല. അങ്ങനെ സംഭവിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിന്റെ സെറ്റിൽ നല്ല രസമായിരുന്നു. കേരളത്തിൽ നിന്നുള്ള എല്ലാവരും ഒരുമിച്ചാണ് പോയത്. ജോലി ചെയ്തുകൊണ്ടുള്ള ഒരു ഹോളിഡേ പോലെയായിരുന്നു ഷൂട്ടിങ് അനുഭവം,’ നസ്രിയ പറഞ്ഞു.’രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്നത്. നസ്ലിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിത്തു മാധവന്റെ സംവിധാനത്തിൽ സൂര്യ എത്തുന്നുവെന്നതും മലയാളി താരങ്ങളായ നസ്രിയയും നസ്ലിനും ഭാഗമാകുന്നുവെന്നതും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.
ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. ‘സീൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴ് സിനിമയിൽ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി. വമ്പൻ റിലീസിനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ജിത്തു മാധവന്റെ വ്യത്യസ്തമായ അവതരണവും താരങ്ങളുടെ കോമ്പിനേഷനും എങ്ങനെയായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
