കമൽ ഹാസൻ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ന്റെ സെറ്റിൽ നടന്ന ഭീകരമായ ക്രെയിൻ അപകടത്തിൽ നിന്നും താൻ അദ്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കാജൽ അഗർവാൾ. 100 അടി ഉയരമുള്ള ക്രെയിൻ തനിക്ക് നേരെ പാഞ്ഞുവന്ന ആ നിമിഷത്തിൽ തന്റെ ജീവൻ രക്ഷിച്ചത് ഒരു അദൃശ്യ കരമാണെന്നും, അന്ന് ആ ദുരന്തത്തിൽ ആദ്യം മരിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാജൽ സിനിമാലോകത്തെ നടുക്കിയ ആ ദുരന്തനിമിഷങ്ങൾ ഓർത്തെടുത്തത്.
2020 ഫെബ്രുവരിയിൽ ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെയായിരുന്നു അസിസ്റ്റന്റ് ഡയറക്ടറും ടെക്നീഷ്യൻമാരുമുൾപ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത ആ ദാരുണ അപകടം സംഭവിച്ചത്. പ്രോസ്തറ്റിക് മേക്കപ്പിൽ ടെന്റിലിരുന്ന താൻ ബഹളം കേട്ട് പുറത്തേക്ക് ഓടുന്നതിനിടെയാണ് ക്രെയിൻ തകർന്നുവീണതെന്നും, ഭയം കാരണം ശരീരം തളർന്നുപോയ തന്നെ ആ നിമിഷം ആരോ ബലമായി പുറത്തേക്ക് വലിച്ചിട്ടുവെന്നും കാജൽ വ്യക്തമാക്കുന്നു. പിന്നീട് തന്റെ കൂടെയുണ്ടായിരുന്ന ആരും തന്നെ രക്ഷിക്കാൻ എത്തിയിരുന്നില്ലെന്ന് വ്യക്തമായതോടെ, തന്നെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഏതോ ഒരു ദിവ്യശക്തിയാണെന്നുള്ള വിശ്വാസമാണ് ഇന്നും തനിക്കുള്ളതെന്ന് താരം കൂട്ടിച്ചേർത്തു.
