
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ലെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘ശിശിരമോ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം സംഗീതപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ക്രിസ്റ്റോ സേവ്യർ ഈണം നൽകിയ ഗാനത്തിന് വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ആലാപനം. ലിറിക്കൽ വീഡിയോയായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘വാഴ്വേ മായം’ ഏറെ ശ്രദ്ധ നേടിയിരുന്നു. മംമ്ത മോഹൻദാസും ശ്രീനാഥ് ഭാസിയും ചേർന്ന് ആലപിച്ച ‘മരണക്കടലിൻ അകലെ മറുകരയോ?’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതത്തിനും വിനായക് ശശികുമാറിന്റെ വരികൾക്കുമൊപ്പം വേറിട്ട ദൃശ്യാവിഷ്കാരവും ഗാനങ്ങളുടെ പ്രത്യേകതയാണ്.
നവംബർ 19നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ സിനിമയുടെ താരനിരയെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകളും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.യുവതാരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ചിത്രം ഒരുക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന താരങ്ങൾ. നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ്. സംഗീതം ക്രിസ്റ്റോ സേവ്യർ. ഉണ്ണി ആർ സംഭാഷണമൊരുക്കുന്നു. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.
വേറിട്ട അവതരണശൈലിയും ശ്രദ്ധേയമായ താരനിരയും സംഗീതവുമൊക്കെയായി ‘ബാച്ച്ലർ പാർട്ടി Deux’നായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. നവംബർ 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.












