23 വർഷം മുമ്പ് ഉപേക്ഷിച്ച പേര് തിരിച്ചെത്തിച്ച് കമൽ ഹാസൻ; വീണ്ടും വിവാദച്ചൂടിൽ ‘സണ്ടിയാർ’

23 വർഷം മുമ്പ് ഉപേക്ഷിച്ച പേര് തിരിച്ചെത്തിച്ച് കമൽ ഹാസൻ; വീണ്ടും വിവാദച്ചൂടിൽ ‘സണ്ടിയാർ’

സിനിമകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട സെൻസർ ബോർഡിന്റെ പുതിയ നിർദേശങ്ങൾ ചർച്ചയാകുന്നതിനിടെ തമിഴ് സിനിമാലോകത്ത് മറ്റൊരു പേരുവിവാദം കൂടി ശക്തമാകുന്നു. 23 വർഷം മുമ്പ് വലിയ പ്രതിഷേധങ്ങളെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്ന ‘സണ്ടിയാർ’ എന്ന ടൈറ്റിൽ പുതിയ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ് നടൻ കമൽ ഹാസൻ. ഇതോടെ പഴയ വിവാദവും വീണ്ടും സജീവമായിരിക്കുകയാണ്. ‘KH237’ എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന കമൽ ഹാസന്റെ പുതിയ ചിത്രത്തിന് ‘സണ്ടിയാർ’ എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. തോക്കുമായി വ്യത്യസ്ത ഗെറ്റപ്പിൽ നിൽക്കുന്ന കമൽ ഹാസന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. എന്നാൽ ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്തുനിന്ന് ഉൾപ്പെടെ വിമർശനങ്ങൾ ഉയരുകയാണ്.

2004-ൽ പുറത്തിറങ്ങിയ ‘വിരുമാണ്ടി’ എന്ന ചിത്രത്തിന് ആദ്യം കമൽ ഹാസൻ നിശ്ചയിച്ചിരുന്ന പേരായിരുന്നു ‘സണ്ടിയാർ’. എന്നാൽ, ഈ പേരിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ പിന്നീട് പേര് മാറ്റുകയായിരുന്നു. 2003-ൽ പുതിയ തമിഴകം പാർട്ടി നേതാവ് ഡോ. കെ. കൃഷ്ണസാമിയാണ് ടൈറ്റിലിനെതിരെ രംഗത്തെത്തിയത്. ജാതിവ്യവസ്ഥയെയും പ്രബല ജാതികളുടെ ആധിപത്യത്തെയും മഹത്വവത്കരിക്കുന്നതാണ് ഈ പേരെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിവാദം ശക്തമായതോടെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയും വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് ചിത്രത്തിന്റെ പേര് ‘വിരുമാണ്ടി’ എന്നാക്കി മാറ്റിയത്. കമൽ ഹാസൻ അരിവാളുമായി നിൽക്കുന്ന പോസ്റ്ററുകൾ ഉൾപ്പെടെ പുറത്തിറങ്ങിയിരുന്ന ചിത്രം പ്രതിഷേധങ്ങളെത്തുടർന്ന് ഷൂട്ടിങ് തടസ്സങ്ങളും നേരിട്ടിരുന്നു.

അന്നത്തെ വിവാദത്തിനിടെ കമൽ ഹാസൻ നടത്തിയ പ്രതികരണവും ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൃഷ്ണസാമിക്ക് വിഷമമാകുമെന്നതിനാൽ ‘സണ്ടിയാർ’ എന്ന് പേരിടരുതെന്നാണ് ആവശ്യമെന്നും മറ്റൊരു പേര് തിരഞ്ഞെടുത്താലും പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പില്ലെന്നുമായിരുന്നു കമലിന്റെ പരിഹാസരൂപത്തിലുള്ള പ്രതികരണം. പുതിയ ചിത്രത്തിനും അതേ പേര് നൽകിയതിനെതിരെ കൃഷ്ണസാമി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ടൈറ്റിൽ ഉപയോഗിക്കാനുള്ള കമൽ ഹാസന്റെ തീരുമാനം അഹങ്കാരത്തിന്റെ പ്രകടനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘സണ്ടിയാർ’ എന്ന പ്രയോഗം പ്രബല ജാതികളുടെ അധികാരവും അടിച്ചമർത്തലുകളും മഹത്വവത്കരിക്കുന്നതാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

‘സേതുപതി’, ‘ചിത്ത’, ‘വീര ധീര ശൂരൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാറാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ടർമെറിക് മീഡിയയുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. സുനിൽ കെ.എസ്. ഛായാഗ്രഹണവും നിർവഹിക്കുന്നു. 23 വർഷം മുമ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ച അതേ പേര് വീണ്ടും സിനിമയ്ക്ക് നൽകിയതോടെ തമിഴ് സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. പഴയ പ്രതിഷേധങ്ങൾ ഇത്തവണയും ശക്തമാകുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.