കണ്ണൻ സാഗറിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; സഹായം അഭ്യർത്ഥിച്ച് താരം

മിമിക്രിയിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം കണ്ണൻ സാഗർ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഹൃദയത്തിൽ തടസ്സങ്ങൾ (Blocks) കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് അടിയന്തരമായി ബൈപാസ് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സന്മനസ്സുള്ളവരുടെ സഹായം തേടിയിരിക്കുകയാണ് താരം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൻ സാഗറിനെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകൾ ഉണ്ടെന്നും എത്രയും വേഗം ബൈപാസ് ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തന്റെ നിലവിലെ സാമ്പത്തിക ചുറ്റുപാടിൽ താങ്ങാൻ കഴിയാത്ത തുക ചികിത്സയ്ക്കായി വേണ്ടിവരുമെന്നും അതിനാൽ സഹപ്രവർത്തകരോടും സംഘടനകളോടും സഹായം അഭ്യർത്ഥിച്ചതായും താരം പറഞ്ഞു.

ജയസൂര്യ നായകനാകുന്ന ‘ആട് 3’ ആണ് കണ്ണൻ സാഗർ അവസാനമായി അഭിനയിച്ച ചിത്രം. രോഗവിവരമറിഞ്ഞതോടെ തന്റെ കുടുംബം വലിയ മാനസിക വിഷമത്തിലാണെന്നും എങ്കിലും താൻ അവരെ സമാധാനിപ്പിച്ച് മുന്നോട്ട് പോകുകയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും സഹായവും ഈ ഘട്ടത്തിൽ തനിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.