
ചെന്നൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് ആവേശം പകർന്ന് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജീവിതകഥ പുസ്തകമാകുന്നു. തലൈവർ തന്റെ ആത്മകഥ എഴുതുന്ന തിരക്കിലാണെന്ന വാർത്ത മകൾ സൗന്ദര്യ രജനീകാന്താണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ പുതിയ ചിത്രമായ ‘വിത്ത് ലവ്’ (With Love) എന്ന സിനിമയുടെ പ്രചാരണത്തിനിടെയാണ് സൗന്ദര്യ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
ബംഗളൂരുവിലെ ബസ് കണ്ടക്ടറിൽ നിന്നും ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തിയ ശിവാജി റാവു ഗെയ്ക്‌വാദിന്റെ അവിശ്വസനീയമായ യാത്രയാകും പുസ്തകത്തിന്റെ ഇതിവൃത്തം. കഠിനാധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയ ഒരാളുടെ പോരാട്ടവീര്യം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രചോദനമാകുമെന്ന് സൗന്ദര്യ പറഞ്ഞു. “ഈ പുസ്തകം പുറത്തിറങ്ങുമ്പോൾ അതൊരു ആഗോള പ്രതിഭാസമായി മാറും. ആളുകൾക്ക് അറിയാൻ ആകാംക്ഷയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ പല വഴിത്തിരിവുകളും അദ്ദേഹം ഇതിൽ തുറന്നുപറയുന്നുണ്ട്,” സൗന്ദര്യ വ്യക്തമാക്കി.
നേരത്തെ ‘കൂലി’ എന്ന ചിത്രത്തിന്റെ സെറ്റിലിരുന്ന് രജനീകാന്ത് ദിവസവും തന്റെ ജീവിതാനുഭവങ്ങൾ കുറിക്കാറുണ്ടായിരുന്നു എന്ന് സംവിധായകൻ ലോകേഷ് കനകരാജും വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതം മഹാത്മാ ഗാന്ധിയുടെ ആത്മകഥയെപ്പോലെ സത്യസന്ധമായിരിക്കണം എന്ന ആഗ്രഹം രജനീകാന്ത് മുൻപ് പങ്കുവെച്ചിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിലെ അധികമാരും അറിയാത്ത കഥകളും രസകരമായ അനുഭവങ്ങളും പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന.
നിലവിൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ന്റെ തിരക്കിലാണ് രജനീകാന്ത്. ഇതിനുപുറമെ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ‘തലൈവർ 173’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആത്മകഥയുടെ പ്രകാശനം എന്നുണ്ടാകുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആരാധകർ ഇപ്പോൾ തന്നെ വലിയ ആവേശത്തിലാണ്.











