
നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്നു എന്ന കാരണത്താൽ മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കളങ്കാവൽ’. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വീണ്ടുമൊരു വ്യത്യസ്ത കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നതും സിനിമയുടെ ഹൈലൈറ്റാണ്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ 5-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ, സിനിമയുടെ ബുക്കിംഗ് ആരംഭിക്കുന്ന വിവരവും ആദ്യ പ്രദർശന സമയവും മമ്മൂട്ടി തന്നെ ആരാധകരുമായി പങ്കുവെച്ചു.
കേരളത്തിലെ ‘കളങ്കാവലി’ന്റെ ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 11.11 മുതൽ വിവിധ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി സിനിമാ പ്രേമികൾക്ക് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
ഈ വിവരം പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഇരുകൈകളിലും ഗ്ലൗസ് ധരിച്ച്, നിഗൂഢമായ നോട്ടത്തോടെ നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. മുൻപ് പുറത്തുവന്ന പ്രൊമോഷൻ മെറ്റീരിയലുകൾ പോലെ ഈ പുതിയ പോസ്റ്ററും പ്രേക്ഷകരിൽ വലിയ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്.കേരളത്തിലെ ആദ്യ ഷോയുടെ സമയവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബർ 5-ന് രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിക്കുക.
മമ്മൂട്ടിക്ക് പുറമെ, വിനായകനും ചിത്രത്തിൽ ഒരു പ്രധാന പൊലീസ് വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ‘കളങ്കാവലി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദാണ് സംഗീതം. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും വിനായകന്റെയും ഗംഭീര പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം എന്നാണ് ലഭിക്കുന്ന സൂചന.











